ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ജില്ലകളിൽ മഴ തുടരുന്നതിനാൽ പ്രളയഭീതി വിട്ടുപോയിട്ടില്ല. വടക്കൻ കർണാടകത്തിലും മഹാരാഷ്ട്രയിലും പെയ്യുന്ന കനത്തമഴകാരണം കലബുറഗിയിലെ പല ഗ്രാമങ്ങളും പ്രളയക്കെടുതി നേരിടുകയാണ്. 150-ലധികം ഗ്രാമങ്ങൾ ഭാഗികമായി വെള്ളത്തിലായി. 50 ഗ്രാമങ്ങളിലെ ആളുകളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. 23,250 ആളുകളെ സർക്കാരിന്റെ ദുരിതശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്.

കലബുറഗി, വിജയപുര, യാദ്ഗിർ, റായ്ച്ചൂർ ജില്ലകളിൽനിന്നായി ഇതുവരെ 36,500 പേരെ രക്ഷപ്പെടുത്തി. സൈന്യത്തിന്റെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പല ഗ്രാമങ്ങളിൽ പൂർണമായോ ഭാഗികമായോ വെള്ളം കയറിയെന്നും നാശനഷ്ടത്തിന്റെ വ്യാപ്തി മനസ്സിലാക്കി തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീരദേശജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. രാമനഗര, മൈസൂരു, മാണ്ഡ്യ, ചിക്കബെല്ലാപുര, ചാമരാജ് നഗർ, തുമകുരു, ചിത്രദുർഗ എന്നീ ജില്ലകളിലും മഴപെയ്തു.

കനത്തമഴയെത്തുടർന്ന് കലബുറഗി അഫ്‌സൽപുർ താലൂക്കിലെ ഭീമാ നദിയിലെ സൊന്ന അണക്കെട്ട് തുറന്നുവിട്ടതോടെ ജലവൈദ്യുത പ്ലാന്റ് വെള്ളത്തിനടിയിലായി. 10.5 മെഗാവാട്ടിന്റെ ജലവൈദ്യുത പ്ലാന്റാണ് വെള്ളത്തിനടിയിലായത്. 3.5 മെഗാവാട്ടിന്റെ മൂന്നു യൂണിറ്റാണ് സൊന്നാ അണക്കെട്ടിനോടുചേർന്ന് സ്ഥാപിച്ചിട്ടുള്ളത്. പവർ പ്ലാന്റിന്റെ രണ്ടരമീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങിയെന്നും നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ലെന്നും കർണാടക നീരാവരി നിഗം ലിമിറ്റഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ഗുരു പാംഗോൺ പറഞ്ഞു. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴയെത്തുടർന്ന് ഒക്ടോബർ 14 മുതൽ ഭീമ നദിയിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരുന്നു.

ബെംഗളൂരുവിൽ ചൊവ്വാഴ്ച രാവിലെ ചെറിയതോതിലായിരുന്നു മഴയെങ്കിലും വൈകീട്ടോടെ ശക്തമായി. താഴ്ന്ന പ്രദേശങ്ങളും റോഡുകളിലും വെള്ളം കയറി. റോഡുകളിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് നഗരത്തിന്റെ പലയിടങ്ങളിലും വാഹനഗതാഗതം താറുമാറായി. എം.ജി. റോഡ്, കോറമംഗല, ശാന്തിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങളിൽ കനത്തമഴയിൽ മരച്ചില്ലകൾ റോഡിൽ ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു. ബെംഗളൂരുവിൽ ഞായറാഴ്ച രാത്രിമുതൽ ഒറ്റപ്പെട്ട മഴ പെയ്തുവരികയാണ്.