ന്യൂഡൽഹി: അഞ്ചുമണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ പഞ്ചാബ് നിയമസഭ ചൊവ്വാഴ്ച മൂന്നു പുതിയ കാർഷിക ബില്ലുകൾ പാസാക്കി. കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ മൂന്നു നിയമങ്ങളെ മറികടക്കാനാണിത്. ഇതോടെ, സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരം പുതിയ നിയമം നിർമിക്കുന്ന കോൺഗ്രസ് ഭരണത്തിലുള്ള ആദ്യസംസ്ഥാനമായി പഞ്ചാബ്.

കേന്ദ്രം പാസാക്കിയ കാർഷികനിയമങ്ങൾക്കെതിരേ പഞ്ചാബിൽ വൻപ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ലോക് ഇൻസാഫ് പാർട്ടി അംഗങ്ങൾ ബില്ലിനനുകൂലമായി വോട്ടുചെയ്തപ്പോൾ ബി.ജെ.പി. വിട്ടുനിന്നു.

ഫാർമേഴ്‌സ് പ്രൊഡ്യൂസ് ഫെസിലിറ്റേഷൻ ആക്ട്, ഫാർമേഴ്‌സ് എഗ്രിമെന്റ് ആൻഡ് ഫാം സർവീസസ് ആക്ട്, എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് എന്നീ കാർഷിക ബില്ലുകളാണ് സിവിൽ പ്രൊസീജ്യർ കോഡിനൊപ്പം നിയമസഭ പാസാക്കിയത്. തറവിലയെക്കാൾ താഴ്ന്നവിലയിൽ നെല്ലോ ഗോതമ്പോ കർഷകരിൽനിന്ന് വാങ്ങിയാൽ മൂന്നുവർഷത്തിൽ കുറയാത്ത തടവും പിഴയും ലഭിക്കുന്ന വ്യവസ്ഥകളടങ്ങിയതാണ് ബില്ലുകൾ. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനും രണ്ടര ഏക്കർവരെ ഭൂമിയുള്ള കർഷകരുടെ ജപ്തി ഒഴിവാക്കുന്നതിനും ഉള്ള വ്യവസ്ഥകളും ഉണ്ട്.

കേന്ദ്രനിയമങ്ങൾ വഴി സംസ്ഥാനത്തിനും കൃഷിക്കും ഉണ്ടാവുന്ന നാശങ്ങൾ ഇല്ലാതാക്കാനും കർഷകരുടെ ഭയം തീർക്കാനുമാണ് ബില്ലുകൾ പാസാക്കിയതെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് മാധ്യമങ്ങളോടു പറഞ്ഞു. നിയമങ്ങൾക്ക് അനുമതിതേടി അദ്ദേഹം ഗവർണർ വി.പി. സിങ് ബദ്നോരെയെ രണ്ടു. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരേ സംസ്ഥാനം നിയമം പാസാക്കിയാൽ അതു നടപ്പാവണമെങ്കിൽ ഗവർണറെക്കൂടാതെ രാഷ്ട്രപതിയും ഒപ്പിടണം.

ബില്ലിന്റെ പേരിൽ തന്റെ സർക്കാരിനെ പിരിച്ചുവിടുമെന്ന് ഭയപ്പെടുന്നില്ലെന്നും രാജിവെക്കാൻ ഭയമില്ലെന്നും രാജിക്കത്ത് എപ്പോഴും കീശയിൽ കരുതിയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. കർഷകരെ ദുരിതത്തിലാക്കാനോ നശിപ്പിക്കാനോ അനുവദിക്കില്ലെന്നും കർഷകർ തങ്ങളോടൊപ്പം നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.