ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പാർലമെന്ററി പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം.

മന്ത്രിസഭയുടെ അംഗീകാരമില്ലാതെ നിയമങ്ങൾ ഉണ്ടാക്കലും റദ്ദാക്കലും ബി.ജെ.പി. ഭരണത്തിൻ കീഴിൽ മാത്രമാണ് നടക്കുന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തി. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിമർശം.

‘ആഭ്യന്തര മന്ത്രി പറയുന്നത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മഹത്തായ രാഷ്ട്രതന്ത്രജ്ഞതയെന്നാണ്. ബി.ജെ.പി. അധ്യക്ഷൻ പറയുന്നു പ്രധാനമന്ത്രിക്ക് കർഷകരോട് വളരെയധികം ശ്രദ്ധയെന്ന്. കർഷകരുടെ ക്ഷേമം മുൻ നിർത്തിയാണ് പ്രധാനമന്ത്രി തീരുമാനമെടുത്തതെന്നാണ് പ്രതിരോധ മന്ത്രിയുടെ അഭിപ്രായം. എവിടെയാണീ പ്രധാനപ്പെട്ട നേതാക്കളും അവരുടെ കഴിഞ്ഞ 15 മാസത്തെ ഉപദേശങ്ങളും’- ചിദംബരം ചോദിച്ചു. മന്ത്രിസഭാ യോഗം വിളിക്കാതെയാണ് പ്രധാനമന്ത്രി പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചതെന്നും ബി.ജെ.പി. ഭരണത്തിലേ ഇതു നടക്കുകയുള്ളൂവെന്നും ചിദംബരം കൂട്ടിച്ചേർത്തു.