ന്യൂഡൽഹി: ‘കാർഷികനിയമങ്ങൾ കൊണ്ടുവരുംമുൻപ് എന്ത് കൂടിയാലോചനകളാണ് നിങ്ങൾ നടത്തിയതെന്ന് ഞങ്ങൾക്കറിയില്ല. വേണ്ടത്ര ചർച്ചകളില്ലാതെയാണ് നിയമങ്ങൾ പാസാക്കിയത്. ഒട്ടേറെ സംസ്ഥാനങ്ങളും എതിരാണ്. അതിനാൽ കർഷകസമരവും നിങ്ങൾതന്നെ പരിഹരിക്കണം’ -ജനുവരി 12-ന് കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞ വാക്കുകളാണിത്. ഈ പ്രശ്നത്തിൽ സുപ്രീംകോടതിയുടെ തുടർച്ചയായ ഇടപെടലുകളും നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രത്തിന് പ്രേരണയായിട്ടുണ്ടാകും.

നിയമം പാസാക്കുംമുൻപ് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സർക്കാർ പാലിച്ചതായി അറിയില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ‘നിങ്ങൾ സൃഷ്ടിച്ച പ്രശ്നം നിങ്ങൾതന്നെ പരിഹരിക്കണം’ എന്നമട്ടിലായിരുന്നു കേന്ദ്രത്തോട് കോടതിയുടെ പ്രതികരണം.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീംകോടതി കേന്ദ്രത്തെ കണക്കിന് വിമർശിച്ചത്. കാർഷികനിയമങ്ങളും അതുണ്ടാക്കിയ പ്രശ്നങ്ങളും സംബന്ധിച്ച് സർക്കാരിന്റെയും കർഷകരുടെയും ഭാഗം കേൾക്കാൻ സുപ്രീംകോടതി സമിതിയെയും നിയോഗിച്ചിരുന്നു. നിയമങ്ങളിൽ ഏറെ പോരായ്മകളുണ്ടെങ്കിലും കർഷകർ ആവശ്യപ്പെടുന്നതുപോലെ അവ റദ്ദാക്കേണ്ടതില്ലെന്നാണ് തങ്ങൾ റിപ്പോർട്ട് നൽകിയതെന്നാണ് സമിതിയംഗം അനിൽ ജെ. ഘൻവാത്ത് ഈയിടെ വെളിപ്പെടുത്തിയത്.

കർഷകസമരം കാരണമുണ്ടാകുന്ന ഗതാഗതതടസ്സം നീക്കണമെന്ന പരാതികളും സുപ്രീംകോടതിക്ക് മുന്നിലെത്തിയിരുന്നു. പൊതുസ്ഥലം കൈയേറി അനിശ്ചിതമായി സമരം തുടരുന്നതിനോട് സുപ്രീംകോടതി വിയോജിച്ചെങ്കിലും സമരംചെയ്യാനുള്ള കർഷകരുടെ അവകാശം ഉയർത്തിക്കാട്ടുകയും ചെയ്തു.

ഈയിടെ, ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകസമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ എട്ടുപേർ മരിച്ചസംഭവത്തിലും സുപ്രീംകോടതിയുടെ നിർണായക ഇടപെടലുണ്ടായി.

സുപ്രീംകോടതിയിലെ ഹർജികൾ അപ്രസക്തമാകും

ന്യൂഡൽഹി: വിവാദമായ കാർഷികനിയമങ്ങൾ റദ്ദാക്കുന്നതിന് കേന്ദ്ര സർക്കാർ പാർലമെന്റിൽ ബിൽ കൊണ്ടുവന്നാൽ, നിയമങ്ങൾക്കെതിരേ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികൾ അപ്രസക്തമാകും. നിയമങ്ങൾ റദ്ദാക്കുന്നതിന് ഓർഡിനൻസ് ഇറക്കിയാലും ഹർജികൾക്ക് പ്രസക്തിയില്ലാതാകും.

നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വാക്കാൽ പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. പാർലമെന്റ് പാസാക്കിയ നിയമം റദ്ദാക്കണമെങ്കിൽ അവിടെത്തന്നെ അതിനായി പുതിയ നിയമം പാസാക്കേണ്ടിവരും. അല്ലെങ്കിൽ, ഓർഡിനൻസ് ഇറക്കണം.

കാർഷികനിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.