കൊൽക്കത്ത: പശ്ചിമബംഗാൾ ബി.ജെ.പി.യോട് തത്‌കാലം വിട പറയുന്നതായി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മേഘാലയ ഗവർണറുമായ തഥാഗത റോയ് ട്വീറ്റ് ചെയ്തു. എന്നാൽ, പൂർണമായും പാർട്ടിബന്ധം ഉപേക്ഷിക്കുകയാണോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടി നൽകിയില്ല.

‘‘ഞാൻ ചില ട്വീറ്റുകൾ നേരത്തെ ഇട്ടത് ആരുടെയെങ്കിലും കൈയടി വാങ്ങാനല്ല. പാർട്ടിയിലെ ചില നേതാക്കൾ പൊന്നിലും പെണ്ണിലും അഭിരമിക്കുന്നത് അണികളുടെ ശ്രദ്ധയിൽപെടുത്താനായിരുന്നു. ഇനി കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളുടെ ഫലവും കാത്തിരിക്കാം. എന്തായാലും പശ്ചിമബംഗാൾ ബി.ജെ.പി.യോട് തത്‌കാലം വിട!’’ എന്നാണ് തഥാഗതയുടെ ട്വീറ്റ്. അതിൽ പറഞ്ഞതിനേക്കാൾ കൂടുതലായി ഒന്നും വിശദീകരിക്കാനില്ലെന്നും റോയ് പറഞ്ഞു.

തഥാഗത റോയ് പാർട്ടിയിൽ ഉണ്ടായാൽത്തന്നെ എന്തു പ്രയോജനം എന്നാണ്‌ മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ട്വീറ്റിനോട് പ്രതികരിച്ചത്. ‘‘ഇപ്പോൾ അദ്ദേഹം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എനിക്ക് അദ്ദേഹത്തിന്റെ കാര്യം അന്വേഷിക്കാൻ സമയമില്ല. പാർട്ടിയുടെയും പ്രവർത്തകരുടെയും കാര്യങ്ങളിലാണ് താത്പര്യം’’ ഘോഷ് പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമാനടിമാർക്ക് ടിക്കറ്റുകൾ നൽകിയ പാർട്ടിനേതൃത്വത്തിനെ റോയ് വിമർശിച്ചിരുന്നു. പാർട്ടിക്ക് ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാതിരുന്നതോടെ അദ്ദേഹം കേന്ദ്ര നിരീക്ഷകരെ തുടർച്ചയായി കടന്നാക്രമിച്ച് ട്വീറ്റ് ചെയ്യുകയുമുണ്ടായി.