ന്യൂഡൽഹി: നിക്ഷേപകരിൽ നിന്നു വാങ്ങിയ 62,602 കോടി രൂപ നൽകാൻ സഹാര ഗ്രൂപ്പിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) സുപ്രീംകോടതിയെ സമീപിച്ചു. സഹാര ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ്പറേഷൻ, സഹാര ഹൗസിങ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എന്നിവയ്ക്കെതിരേയാണ് സെബി സുപ്രീംകോടതിയിലെത്തിയത്. പണം നൽകാത്തതിന് സഹാര മേധാവി സുബ്രതോ റായിയെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടു.

15 ശതമാനം വാർഷിക പലിശ സഹിതം തുക മടക്കി നൽകണമെന്ന് 2012-ലും 2015-ലും ഉത്തരവുണ്ടായിട്ടും സഹാര അതു പാലിച്ചില്ലെന്ന് സെബി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 31-നകം 90 ശതമാനം തുകയും മടക്കി നൽകിയെന്നാണ് സഹാര അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല.