ബെംഗളൂരു: ലഹരിമരുന്നുകേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യുടെ ചോദ്യംചെയ്യൽ പൂർത്തിയായതിനെത്തുടർന്ന് ബിനീഷ് കോടിയേരിയെ വീണ്ടും പരപ്പന അഗ്രഹാര ജയിലിലാക്കി. ചോദ്യംചെയ്യുന്നതിന് ലഭിച്ച നാലുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ബിനീഷിനെ വീഡിയോ കോൺഫറൻസിങ്‌വഴി പ്രത്യേക കോടതി(സെഷൻസ് കോടതി)യിൽ ഹാജരാക്കിയത്. എൻ.സി.ബി. വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടില്ല.

അതിനിടെ, ലഹരിക്കേസിലെ പ്രതി മുഹമ്മദ് അനൂപുമായി ബന്ധമുള്ള കർണാടക സ്വദേശി സുഹാസ് കൃഷ്ണ ഗൗഡയെ എൻ.സി.ബി. അറസ്റ്റുചെയ്തു. കേസുമായി നേരിട്ടു ബന്ധമുള്ളതിനാലാണ് സുഹാസ് കൃഷ്ണ ഗൗഡയെ അറസ്റ്റുചെയ്തതെന്ന് എൻ.സി.ബി. കോടതിയെ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് മൊഴിനൽകിയ ആളാണ് സുഹാസ് കൃഷ്ണ ഗൗഡ. ഇയാൾ ജി.കെ. എന്ന പേരിലാണ് അറിയിപ്പെട്ടിരുന്നത്.

മുഹമ്മദ് അനൂപുമായി 50 ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തതെന്ന് എൻ.സി.ബി. കോടതിയിൽ സമർപ്പിച്ച കസ്റ്റഡിറിപ്പോർട്ടിൽ വ്യക്തമാക്കി. ബിനീഷിന് ലഹരിയിടപാടുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നതിനായാണ് ചോദ്യംചെയ്തത്. ബിനീഷ് നൽകിയ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യും. ഇ.ഡി. കേസിൽ ബിനീഷ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടതുണ്ടെന്നും വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അറസ്റ്റുചെയ്ത ബിനീഷിനെ നവംബർ 25-വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

മുഹമ്മദ് അനൂപ് ബിനാമിയാണെന്നും ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്കുവന്ന കണക്കിൽപ്പെടാത്ത പണം ലഹരിമരുന്നിടപാടിലൂടെ നേടിയതാണെന്നുമാണ് ഇ.ഡി.യുടെ കണ്ടെത്തൽ. മുഹമ്മദ് അനൂപിന് ഹോട്ടൽ ബിസിനസിനാണ് പണം നൽകിയതെന്നും ലഹരിയിടപാടിനെക്കുറിച്ച് അറിയില്ലെന്നുമാണ് ബിനീഷിന്റെ മൊഴി. ചോദ്യംചെയ്യലിൽനിന്നു ലഭിച്ച വിവരങ്ങൾ പരിശോധിക്കുകയാണെന്ന് എൻ.സി.ബി. അറിയിച്ചു. എൻ.സി.ബി. സോണൽ ഡയറക്ടർ അമിത് ഗവാഡെയുടെ നേതൃത്വത്തിലാണ് ബിനീഷിനെ ചോദ്യംചെയ്തത്.