ന്യൂഡൽഹി: ഉന്നതപഠനത്തിനായി ഇന്ത്യയിലെത്തുന്ന വിദേശവിദ്യാർഥികളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടിയെടുക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി പരിഷ്‌കരിക്കുമെന്നും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും അക്കാദമിക് നിലവാരവുമുള്ള സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുമെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരേ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്റ്റലുകൾ നിർമിക്കണമെന്നും അർഹതയുള്ള സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുമെന്നും ഖരേ വ്യക്തമാക്കി. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദേശരാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാനായി 2018-ലാണ് സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 117 സ്ഥാപനങ്ങളാണ് നിലവിൽ പദ്ധതിയിലുള്ളത്. 50 രാജ്യങ്ങളിൽനിന്നായി 7500 വിദ്യാർഥികൾ ഇതുവരെ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.