അഹമ്മദാബാദ്: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കേസിൽ അവശേഷിക്കുന്ന പ്രതികളെ വിചാരണചെയ്യുന്നതിനുള്ള അനുമതി സംസ്ഥാനസർക്കാർ നിഷേധിച്ചു. സി.ബി.ഐ. പ്രതികളാക്കിയ ഐ.പി.എസ്. ഓഫീസറായ ജി.എൽ. സിംഘാൾ, ഉദ്യോഗസ്ഥരായ തരുൺ ബാരറ്റ്, അനജു ചൗധരി എന്നിവരെ അനുകൂലിച്ചാണ് കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകിയത്.

ക്രിമിനൽ നടപടിച്ചട്ടം 197 പ്രകാരം ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായതാണ് കൊലപാതകമെങ്കിൽ സർക്കാരിന്റെ അഭിപ്രായംതേടാൻ സി.ബി.ഐ.കോടതി നിർദേശിച്ചിരുന്നു. പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ഇത്. ഇതിനുള്ള മറുപടിയിലാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെ സർക്കാർ എതിർത്തത്. മറ്റുപ്രതികളായ മുൻ ഡി.ജി.പി. പി.പി.പാണ്ഡെ, ഡി.ഐ.ജി. വൻസാര, എൻ.കെ.അമീൻ എന്നിവരുടെ വിടുതൽ ഹർജികൾ സർക്കാരിന്റെ അനുമതിയില്ലാത്തതിനാൽ കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഇതിനുശേഷമാണ് മൂന്നുപ്രതികൾകൂടി കോടതിയെ സമീപിച്ചത്. അവശേഷിക്കുന്ന പ്രതിയായ ജെ.ജി. പർമാർ ജീവിച്ചിരിപ്പില്ല. ഇവരുടെ ഹർജികൂടി കോടതി സ്വീകരിക്കുന്നപക്ഷം കേസ് വിചാരണയില്ലാതെതന്നെ അവസാനിക്കും.

2004-ലാണ് ഭീകരരെന്നാരോപിച്ച് അഹമ്മദാബാദിൽ ഇസ്രത്ത് ജഹാനെയും സുഹൃത്ത് മലയാളിയായ ജാവേദ് ഷെയ്ഖിനെയുമുൾപ്പെടെ നാലുപേരെ ഗുജറാത്ത് പോലീസ് വെടിവെച്ചുകൊന്നത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയ സി.ബി.ഐ.യാണ് ഏഴുപേരെ പ്രതികളാക്കി കുറ്റപത്രം നൽകിയത്.