ഐസോൾ: സൈനിക അട്ടിമറിയുണ്ടായ മ്യാൻമാറിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയണമെന്നും അഭയാർഥികളെ വേഗം നാടുകടത്തണമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് സ്വീകാര്യമല്ലെന്ന് മിസോറം മുഖ്യമന്ത്രി സൊറാംതംഗ. മാനുഷിക പരിഗണനൽകി അവർക്ക് അഭയം നൽകണമെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നൽകിയ കത്തിൽ തംഗ ആവശ്യപ്പെട്ടു. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള വടക്കുകിഴക്കൻ ജനാധിപത്യ സഖ്യത്തിലെ (എൻ.ഇ.ഡി.എ.) സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന്റെ നേതാവാണ് തംഗ.

മ്യാൻമാറിലെ ചിൻ സമൂഹവുമായി സംസ്ഥാനത്തെ ജനങ്ങൾക്ക് അടുത്തബന്ധമാണെന്നും അതിനാൽ അവരുടെ ദുരവസ്ഥയിൽ നിസ്സംഗത പാലിക്കാനാകില്ലെന്നും തംഗ വ്യക്തമാക്കി. അഭയാർഥികൾക്ക് രാഷ്ട്രീയ അഭയം നൽകുന്നതിന് പ്രധാനമന്ത്രി വ്യക്തിപരമായ ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വിദേശനയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്നു മനസ്സിലാക്കുന്നുണ്ടെന്നും എന്നാൽ, മാനുഷിക പ്രതിസന്ധി അവഗണിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.

സൈന്യം അധികാരം പിടിച്ചെടുത്ത ഫെബ്രുവരി ഒന്നിനുശേഷം മ്യാൻമാറിൽനിന്ന് പോലീസുകാരടക്കം നൂറുകണക്കിന് അഭയാർഥികളാണ് മിസോറമിൽ അഭയം തേടിയത്. മാർച്ച് പത്തിനാണ് മ്യാൻമാറിൽനിന്നുള്ള അഭയാർഥികൾക്ക് അഭയം നൽകരുതെന്ന് മിസോറം, നാഗാലാൻഡ്, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർേദശിച്ചത്.