ന്യൂഡൽഹി: കോവിഡ് രോഗബാധയിൽനിന്ന് എട്ടുമുതൽ പത്തുമാസംവരെയോ അതിൽ കൂടുതലോ സംരക്ഷണംനൽകാൻ വാക്സിനു കഴിയുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. വാക്സിനെടുത്തവരിൽ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് അവസാനിച്ചെന്നരീതിയിലുള്ള ആളുകളുടെ പെരുമാറ്റമാണ് രോഗവ്യാപനം വർധിക്കാൻ കാരണം. കുറച്ചുകാലത്തേക്കുകൂടി അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന് ഐ.പി.എസ്. അസോസിയേഷൻ നടത്തിയ ചടങ്ങിൽ ഗുലേറിയ പറഞ്ഞു.

രോഗികളിലും പ്രായമായവരിലുമാണ് കൂടുതൽ മരണനിരക്കുള്ളത്. അതിനാൽ ഇത്തരക്കാർ വാക്സിൻ സ്വീകരിക്കാൻ കാലതാമസംവരുത്തരുതെന്ന് നീതി ആയോഗ് അംഗം വി.കെ. പോൾ പറഞ്ഞു. രാജ്യത്ത് അനുമതിലഭിച്ച രണ്ടു വാക്സിനുകളും ഒരുപോലെ ഫലപ്രദവും ദീർഘകാലപരിരക്ഷ നൽകുന്നതുമാണ് -അദ്ദേഹം പറഞ്ഞു.