റായ്‌പുർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോവാദികൾ കൊല്ലപ്പെട്ടു. പിടിച്ചുകൊടുത്താൽ മൂന്നുലക്ഷം രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ച പ്രാദേശിക ഒളിപ്പോർ സംഘം കമാൻഡർ മാധ്‌വി ഹദ്മ, ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മറ്റൊരു കമാൻഡറായ അയേത എന്നിവരാണു മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുവകോണ്ട പോലീസ്‌സ്റ്റേഷൻ പരിധിയിലുള്ള ബഡെ ഗുദ്ര ഗ്രാമത്തിൽ മാവോവാദിവിരുദ്ധ ഓപ്പറേഷനു പുറപ്പെട്ട ഡിസ്ട്രിക് റിസർവ് ഗാർഡ് സംഘമാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്. ഇവിടെന്ന് ഒട്ടേറെ ആയുധങ്ങൾ പിടിച്ചെടുത്തതായി ദന്തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു.