മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണവും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.)ക്കു കൈമാറി. ശനിയാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധസേന നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഹിരേനിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം എൻ.ഐ.എ. ഏറ്റെടുക്കുന്നത്. എൻ.ഐ.എ. നിയമത്തിലെ എട്ടാംവകുപ്പുപ്രകാരമാണ് അന്വേഷണം കൈമാറുന്നതെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുമായി ബന്ധപ്പെട്ട കേസുകളും ഏറ്റെടുക്കാൻ എൻ.ഐ.എ.ക്ക്‌ അധികാരം നൽകുന്നതാണ് ഈ വകുപ്പ്.

സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം സ്ഫോടകവസ്തു നിയമപ്രകാരം നേരത്തേ തന്നെ എൻ.ഐ.എ.ക്കു കൈമാറിയിരുന്നു. സംഭവത്തിൽ എൻ.ഐ.എ. അറസ്റ്റുചെയ്ത പോലീസ് ഓഫീസർ സച്ചിൻ വാസേക്ക്‌ ഹിരേനിന്റെ മരണത്തിലും പങ്കുണ്ടെന്ന തെളിവുകൾ പുറത്തു വരുന്നതിനിടയിലാണ് അതിന്റെ അന്വേഷണവും എൻ.ഐ.എ.ക്കു ലഭിക്കുന്നത്.

കാറിന്റെ ഇന്റീരിയർ ജോലികൾ ചെയ്യുന്ന ഹിരേനുമായി വാസേക്ക്‌ അടുപ്പമുണ്ടായിരുന്നെന്ന് ഭാര്യ എ.ടി.എസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഫോടക വസ്തുക്കളുമായി കണ്ട കാർ ഈ അടുപ്പംവെച്ച് കുറച്ചുകാലം വാസേ ഉപയോഗിച്ചിട്ടുമുണ്ട്. ഫെബ്രുവരി 17-ന് സി.എസ്.ടി. റെയിൽവേസ്റ്റേഷനും പോലീസ് കമ്മിഷണർ ഓഫീസിനും ഇടയിൽ വാസേയുടെ ബെൻസ് കാറിൽവെച്ച് ഇരുവരും പത്തുമിനിറ്റോളം നേരം സംസാരിച്ചതിന്റെ വീഡിയോദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അന്ന് തന്റെ വാഹനം മോഷണം പോയെന്നാണ് അടുത്തദിവസം പോലീസിനു നൽകിയ പരാതിയിൽ ഹിരേൻ പറയുന്നത്. ഫെബ്രുവരി 25-ന് ഈ വാഹനമാണ് സ്ഫോടകവസ്തുക്കൾസഹിതം മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ കണ്ടെത്തിയത്.

ഈ സംഭവത്തിൽ അറസ്റ്റുഭയന്ന ഹിരേൻ പോലീസ് പീഡിപ്പിക്കുന്നെന്ന് പരാതിപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ കാണാനെന്നു പറഞ്ഞ് മാർച്ച് നാലിന് വീട്ടിൽനിന്ന് ഇറങ്ങിയ ഹിരേനിന്റെ മൃതദേഹം അടുത്തദിവസം കടലിടുക്കിൽ കണ്ടെത്തുകയായിരുന്നു.