അഗർത്തല: ത്രിപുരയിലെ ഖോവായ് ജില്ലയിൽ കന്നുകാലിക്കടത്താരോപിച്ച് മൂന്നുപേരെ ഒരുസംഘമാളുകൾ തല്ലിക്കൊന്നു. ഞായറാഴ്ച പുലർച്ചെയാണ്‌ സംഭവം. ജയ്ദ് ഹുസൈൻ (30), ബിലാൽ മിയ (28), സൈഫുൽ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

അഞ്ചുകാലികളുമായി അഗർത്തലയിലേക്ക് മിനിലോറിയിൽ പോവുകയായിരുന്ന ഇവരെ പുലർച്ചെ നാരലയ്ക്ക് നമഞ്ചോപഡയിലെ ഗ്രാമവാസികൾ കണ്ടു. മിനിലോറി പിന്തുടർന്ന ഇവർ നോർത്ത് മഹാറാണിപ്പുർ ഗ്രാമത്തിനുസമീപം അതു നിർത്തിച്ചു. വണ്ടിയിലുണ്ടായിരുന്ന മൂന്നുപേരെ മാരകായുധങ്ങൾകൊണ്ട് മർദിച്ചു. മറ്റു രണ്ടുപേരെ തല്ലി. ഒരാൾ രക്ഷപ്പെട്ടു. ഇയാളെ മുംഗിയകാമി ഗ്രാമത്തിൽനന്ന്‌ പിടികൂടി മർദിച്ചു.

അതിക്രമം നടന്ന സ്ഥലങ്ങളിലെത്തിയ പോലീസ് എല്ലാവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേർ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.