കൊൽക്കത്ത: അസ്വാരസ്യങ്ങളുണ്ടെങ്കിലും പശ്ചിമ ബംഗാളിൽ സഖ്യംതുടരാൻ കോൺഗ്രസും സി.പി.എമ്മും. ഇരുപാർട്ടികളുടെയും യോഗത്തിൽ സഖ്യത്തിനെതിരായി ശബ്ദമുയർന്നെങ്കിലും ധൃതിപിടിച്ചൊരു തീരുമാനം വേണ്ടെന്നായിരുന്നു ധാരണ.

ബി.ജെ.പി.ക്കെതിരായ ശക്തമായ വിധിയെഴുത്താണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അത് കോൺഗ്രസ്-ഇടത് സഖ്യത്തിനെതിരല്ലെന്നും പി.സി.സി. അധ്യക്ഷൻ അധീർ ചൗധരി കോൺഗ്രസ് യോഗത്തിൽ അഭിപ്രായപെട്ടു. 2016-ൽ ഇടതു സഖ്യത്തിന്റെ ഫലമായാണ് കോൺഗ്രസിന് 44 സീറ്റും പ്രതിപക്ഷ നേതാവ് സ്ഥാനവും ലഭിച്ചതെന്ന് അധീർ ഓർമിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിച്ചതുകൊണ്ട് കൂടുതൽ തകർച്ചയാണുണ്ടായത്. എന്നാൽ, ഹൈക്കമാൻഡ് വ്യത്യസ്തമായ നിർദേശം നൽകിയാൽ പരിഗണിക്കേണ്ടിവരുമെന്നും അധീർ പറഞ്ഞു.

സഖ്യം ഉപേക്ഷിക്കാനുള്ള നീക്കമൊന്നുമില്ലെന്നും ഉപതിരഞ്ഞെടുപ്പുകൾക്കായി സംയുക്ത പ്രചാരണം നടത്തേണ്ട സമയമാണിതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി സൂര്യകാന്തമിശ്ര സംസ്ഥാനസമിതി യോഗത്തിൽ പറഞ്ഞു. പഴയ സംഭവങ്ങളെ പറ്റി ബികാഷ് രഞ്ജൻ ഭട്ടാചാര്യ എം.പി. ഫേസ്ബുക്കിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിലും ഈ അവസരത്തിൽ വിവാദം അനാവശ്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എസ്.എഫ്. ബന്ധത്തിനെതിരായി ചില പ്രതിനിധികൾ വിമർശനമുന്നയിച്ചു.

മുൻകാലങ്ങളിൽ കോൺഗ്രസ്-സി.പി.എം. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരെച്ചാല്ലി സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ ഇരു പക്ഷവും കൊമ്പുകോർത്തിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന കോൺഗ്രസിന്റെ തീരുമാനത്തിനെതിരേയും ഇടതുമുന്നണിയിൽ മുറുമുറുപ്പുണ്ട്.