ബെംഗളൂരു: ‘‘അന്ന് കോവിഡ് വാക്സിനുണ്ടായിരുന്നെങ്കിൽ ഭർത്താവും ഭർത്തൃപിതാവും ഇന്ന് എന്നോടൊപ്പമുണ്ടാകുമായിരുന്നു’’ -ഏതാനും മാസങ്ങൾക്കുമുമ്പ് കോവിഡ് മഹാമാരി കുടുംബത്തിലെ രണ്ടുപേരെ കവർന്നെടുത്തതിന്റെ ആഘാതം വിട്ടുമാറാതെ, ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലെ നഴ്‌സിങ് മേധാവിയായ ഷൈനി വർഗീസ് പറഞ്ഞു. ഷൈനിയും മകളും കോവിഡിനെ അതിജീവിച്ചെങ്കിലും ഭർത്താവും ഭർത്തൃപിതാവും കോവിഡിൽ പൊലിയുകയായിരുന്നു. ആരോഗ്യപ്രവർത്തകയായ ഷൈനി വർഗീസ് കഴിഞ്ഞദിവസം കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചു.
കഴിഞ്ഞ ജൂലായിലാണ് ഷൈനിയുടെ കുടുംബത്തിൽ കോവിഡ് ആദ്യമെത്തുന്നത്. ജോലിയുടെ ഭാഗമായി യാത്രകൾ ചെയ്യുമായിരുന്ന ഭർത്താവിനാണ് ആദ്യം കോവിഡ് വന്നത്. ഓഗസ്റ്റിൽ ഭർത്തൃപിതാവും സെപ്റ്റംബറിൽ ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ് ഒരുമാസത്തിലേറെയും പിതാവ് ഒരുമാസത്തോളവും ചികിത്സയിലായിരുന്നു. ഇരുവർക്കും പനിയും ചുമയും ന്യുമോണിയയുമുണ്ടായിരുന്നു. ഷൈനി വർഗീസിനും മകൾക്കും ചെറിയരീതിയിലുള്ള ലക്ഷണങ്ങളാണുണ്ടായിരുന്നത്.
കോട്ടയം സ്വദേശിയായ ഷൈനിയുടെ കുടുംബം ബെംഗളൂരു കമ്മനഹള്ളിയിലാണ് താമസം. 11 വർഷമായി മണിപ്പാൽ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്. ചൊവ്വാഴ്ച ആശുപത്രിയിൽനടന്ന കോവിഡ് വാക്സിൻ വിതരണത്തിന്റെ ഭാഗമായി ഷൈനി വർഗീസും സഹപ്രവർത്തകരും വാക്സിൻ സ്വീകരിച്ചു. വാക്സിനെത്തിയത് പ്രതീക്ഷ നൽകുന്നുവെന്ന് അവർ പറഞ്ഞു. വാക്സിൻ സുരക്ഷിതമാണോ എന്നകാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. എന്നാൽ, വാക്സിന്റെ പ്രാധാന്യം വലുതാണെന്നും എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നുമാണ് ഷൈനിയുടെ അഭിപ്രായം.
വാക്സിൻ പ്രയോജനപ്പെടുത്തണം
‘‘കോവിഡ് മഹാമാരിയെ ചെറുക്കാൻ എല്ലാവരും വാക്സിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഒരുപാടുപേരുടെ ശ്രമഫലമായി വിതരണത്തിനെത്തിക്കുന്ന വാക്സിൻ എല്ലാവരും പ്രയോജനപ്പെടുത്തണം. വാക്സിന്റെ പ്രാധാന്യം മനസ്സിലാക്കി സ്വീകരിച്ചെങ്കിൽമാത്രമേ കോവിഡിനെ ഇല്ലാതാക്കാൻ കഴിയൂ’’. ഷൈനി വർഗീസ്