ബെംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം കടുപ്പിച്ച് കർണാടകം. ബുധനാഴ്ചമുതൽ മേയ് നാലുവരെ സംസ്ഥാനവ്യാപകമായി രാത്രി കർഫ്യൂവും വാരാന്ത്യകർഫ്യൂവും ഏർപ്പെടുത്തി. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. വെള്ളിയാഴ്ച രാത്രി ഒമ്പതുമുതൽ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് വാരാന്ത്യ കർഫ്യൂ. ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് കർണാടകത്തിലേക്കുവരാം. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. റെസ്റ്റോറന്റുകളിലും ബാറുകളിലും പാഴ്‌സൽമാത്രമേ അനുവദിക്കൂ.