മുംബൈ: “വളരെ വേഗത്തിൽ വരുന്നൊരു എക്സ്‌പ്രസ് ട്രെയിനായിരുന്നതിനാൽ ആദ്യം കുറച്ച് ഭയമുണ്ടായിരുന്നു. പക്ഷേ, ചിന്തിച്ചുനിൽക്കാൻ സമയമില്ലായിരുന്നു. പാളത്തിലേക്കുവീണ കുട്ടിയെ രക്ഷിക്കണമെന്നുതന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് ആ ദൗത്യം ഏറ്റെടുത്തത്’’ -കഴിഞ്ഞദിവസം കുതിച്ചോടിവരുകയായിരുന്ന തീവണ്ടിക്ക്‌ മുന്നിൽപ്പെട്ട കുട്ടിയെ വീരോചിതമായി രക്ഷിച്ചതിനെത്തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ താരമായ റെയിൽവേ പോയന്റ്സ്‌മാനായ മയൂർ ഷെൽക്കെ എന്ന മുപ്പതുകാരൻ പറയുന്നു. മുംബൈ സബർബൻ റെയിൽവേയിൽ കർജത്ത് പാതയിലുള്ള വാംഗണി റെയിൽവേസ്റ്റേഷനിൽ ശനിയാഴ്ചയായിരുന്നു സംഭവം.

െബംഗളൂരു-മുംബൈ ഉദ്യാൻ എക്സ്‌പ്രസിന് കടന്നുപോകാനായി കൊടിവീശാനിരിക്കവേയാണ് മയൂർ ഷെൽക്കെ, കുട്ടി റെയിൽവേ ട്രാക്കിലേക്ക് വീഴുന്നതുകണ്ടത്. ഉടനെതന്നെ അദ്ദേഹം ഓടിച്ചെന്ന് സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

കുട്ടി ട്രാക്കിലേക്ക് വീണതോടെ താൻ ഭയന്നുപോയെന്ന് കാഴ്ചശക്തിയില്ലാത്ത മാതാവ് സംഗീത പറഞ്ഞു. “ആ മനുഷ്യൻവന്ന് എന്റെ മകനെ രക്ഷിച്ചു. എന്റെ മകനുവേണ്ടി അദ്ദേഹം സ്വന്തം ജീവൻ അപകടത്തിലാക്കി. അദ്ദേഹം കാരണം മാത്രമാണ് ഇന്ന് എന്റെ മകൻ എനിക്കൊപ്പമുള്ളത്. എന്റെ ആറുവയസ്സുള്ള മകൻ എന്റെ ഏക പിന്തുണയാണ്. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ഞാൻ അദ്ദേഹത്തിന് നന്ദിപറയുന്നു” -സംഗീത പറഞ്ഞു.

നാനാഭാഗത്തുനിന്നും മയൂർ ഷെൽക്കെയ്ക്ക് അഭിനന്ദനപ്രവാഹമാണ്. റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. ‘‘മയൂർ ചെയ്തത് പുരസ്കാരങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കുമൊക്കെ അപ്പുറമുള്ള കാര്യമാണ്, എന്നിരുന്നാലും അദ്ദേഹത്തിന് ഉയർന്ന ബഹുമതി നൽകുകയുംചെയ്യും. സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ഒരു ജീവൻ രക്ഷിച്ച അദ്ദേഹം ഇന്ത്യൻ റെയിൽവേയുടെ ഹൃദയം കവർന്നു. അദ്ദേഹത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല’’ - പീയൂഷ് ഗോയൽ പറഞ്ഞു. പുണെക്കടുത്താണ് മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിലാണ് റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്. ബിരുദധാരിയായ മയൂർ, എട്ടുമാസത്തോളമായി വാംഗണി സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ള പ്രമുഖരും മയൂർ ഷെൽക്കെയെ അഭിനന്ദിച്ച് രംഗത്തെത്തി.