ന്യൂഡൽഹി: കോവിഡ് കാരണം ബുദ്ധിമുട്ടുന്ന പൗരന്മാർക്ക് എല്ലാ സഹായവും നൽകണമെന്ന് സൈന്യത്തോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിർദേശിച്ചു. സൈന്യത്തിന്റെ വൈദഗ്ധ്യം ഇതിന് ഉപയോഗിക്കണം. കരസേനാ മേധാവി ജനറൽ എം.എം. നരവണെ, പ്രതിരോധ സെക്രട്ടറി അജയ് കുമാർ, ഡി.ആർ.ഡി.ഒ. മേധാവി ഡോ. ജി. സതീഷ് റെഡ്ഡി എന്നിവരുമായി സംസാരിച്ച പ്രതിരോധമന്ത്രി മുഖ്യമന്ത്രിമാരുമായി ബന്ധപ്പെടാനും ആവശ്യമുള്ള സഹായമെത്തിക്കാനും നിർദേശം നൽകി. 67 കന്റോൺമെന്റ് ആശുപത്രികളിലും പൊതുജനങ്ങൾക്ക് ചികിത്സ നൽകണമെന്ന് പ്രതിരോധ സെക്രട്ടറിയും നിർദേശം നൽകി.