ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിനേഷൻ നയത്തിനെതിരേ കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. നയം പിന്തിരിപ്പനും വിവേചനപരവുമാണെന്ന് കോൺഗ്രസും പൊള്ളയും വസ്തുതകളില്ലാത്തതുമാണെന്ന് തൃണമൂൽ കോൺഗ്രസും ആരോപിച്ചു. അസമത്വണ്ടാക്കുന്നതും അവധാനതയില്ലാത്തതുമാണ് നയമെന്ന് സി.പി.എം. അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാരിന്റേത് വാക്സിൻ അസമത്വ തന്ത്രമാണെന്നും വിതരണമല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. “18-45 വയസ്സിലുള്ളവർക്ക് സൗജന്യ വാക്സിനില്ല. വിലനിയന്ത്രണമില്ലാതെ ഇടനിലക്കാരെ കൊണ്ടുവന്നു. അവശവിഭാഗങ്ങൾക്ക് വാക്സിൻ ഉറപ്പുമില്ല” -രാഹുൽ ട്വിറ്ററിൽ കുറിച്ചു.

പുതിയ വാക്സിൻ നയമനുസരിച്ച് 45 വയസ്സിനു താഴെയുള്ളവർക്കും ആരോഗ്യ-മുൻനിര പ്രവർത്തകർക്കും കുത്തിവെപ്പു നൽകാൻ സംസ്ഥാനങ്ങൾ പണം കണ്ടെത്തേണ്ടി വരുമെന്ന് കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, ജയ്‌റാം രമേഷ്, അജയ് മാക്കൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ശരാശരി പ്രായം 28 ആയ രാജ്യത്ത് 45 വയസ്സിനു താഴെയുള്ളവരെ കേന്ദ്രസർക്കാരിന്റെ കുത്തിവെപ്പു പരിപാടിയിൽ നിന്നൊഴിവാക്കുന്നത് ക്രൂരമാണ്. വാക്സിൻ വില സ്വതന്ത്രമാക്കുന്നതും സംസ്ഥാനങ്ങൾക്കുള്ള വില നിശ്ചയിക്കാത്തതും അനാരോഗ്യകരമായ വിലപേശലിലും ലാഭമുണ്ടാക്കലിലും എത്തിക്കും. ചെറുവരുമാനം മാത്രമുള്ള സംസ്ഥാനങ്ങളെ ഇതു ബാധിക്കും -കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സ്വയം സൃഷ്ടിച്ച വൻ ആരോഗ്യപ്രതിസന്ധിയിൽ നിന്ന് ഒരിക്കൽകൂടി ഒളിച്ചോടാനുള്ള കേന്ദ്രസർക്കാർ ശ്രമമാണ് പുതിയ നയമെന്ന് സി.പി.എം. പ്രസ്താവനയിൽ പറഞ്ഞു. ‘ആവശ്യത്തിനു വാക്സിൻ ഉറപ്പാക്കാൻ ഒരു വർഷമായിട്ടും കേന്ദ്രത്തിനു കഴിഞ്ഞില്ല. ജീവൻരക്ഷാ വാക്സിൻ വാങ്ങുന്നത് താങ്ങാൻപറ്റാത്ത ആളുകളെ ഒഴിവാക്കുന്നതിനുള്ള ഉപായമാണിത്’ -സി.പി.എം. കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ പ്രതിസന്ധിഘട്ടത്തിൽ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടിയതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കുറ്റപ്പെടുത്തി. തന്ത്രപരമായ വാചാടോപങ്ങളോടെ സർക്കാർ ഉത്തരവാദിത്വം നിറവേറ്റാതിരുന്നാൽ, സാധാരണക്കാരെ അതു വലിയ സാമ്പത്തിക ബാധ്യതയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിൽ മമത പറഞ്ഞു.