മുംബൈ: മുംബൈയിൽ കോവിഡ്‌ രോഗവ്യാപനം കൂടുതലും പാർപ്പിടസമുച്ചയങ്ങളിൽ. ചേരിനിവാസികൾ കോവിഡിനോട്‌ പൊരുതിനിൽക്കുന്നതായി നഗരസഭ. അധികൃതർ പുറത്തുവിട്ട കണക്കുപ്രകാരം കോവിഡിന്റെ രണ്ടാംതരംഗത്തിൽ ചേരികളിലെ രോഗബാധാനിരക്ക്‌ പത്തുശതമാനം മാത്രമാണ്‌. വൻകിട പാർപ്പിട സമുച്ചയങ്ങളിലാണ്‌ 90 ശതമാനം രോഗവ്യാപനവും.

നഗരത്തിൽ ഏപ്രിൽ 16 വരെയുള്ള കണക്കുപ്രകാരം സജീവ കോവിഡ്‌ കേസുകളുടെ എണ്ണം 87,000 ആണ്‌. അതിൽ 79,032 കേസുകളും പാർപ്പിടസമുച്ചയങ്ങളിലാണ്. 8411 കേസുകൾ മാത്രമാണ്‌ ചേരികളിൽ നിന്നുള്ളത്‌. നഗരത്തിൽ കോവിഡിന്റെ രണ്ടാംതരംഗം ശക്തമാണ്‌. കോവിഡിന്റെ ആദ്യതരംഗത്തിൽ ചേരികളിൽ കോവിഡ്‌ വ്യാപനം ശക്തമായിരുന്നു. ധാരാവിയിലും കോവിഡ്‌ വ്യാപനം അന്ന്‌ ശക്തമായിരുന്നു. അന്ന്‌ മൊത്തം കോവിഡ്‌ കേസുകളുടെ മൂന്നിൽ രണ്ടും ധാരാവി ഉൾപ്പെടുന്ന ചേരിപ്രദേശങ്ങളിലായിരുന്നു.

2020 ജൂലായിൽ ചേരികളിൽ 57 ശതമാനമായിരുന്നു രോഗവ്യാപനം. ഓഗസ്റ്റിൽ നടത്തിയ ഒരു സർവേയിൽ ചേരികളിൽ രോഗവ്യാപനം 45 ശതമാനമായി കുറഞ്ഞതായും നഗരസഭ കണ്ടെത്തിയിരുന്നു. ഈ സമയത്ത്‌ പാർപ്പിടസമുച്ചയങ്ങളിലെ രോഗവ്യാപനം 18 ശതമാനമായിരുന്നു. ചേരികളിലെ ജനസാന്ദ്രതയാണ്‌ അന്ന്‌ കോവിഡ്‌ വ്യാപനത്തിന്‌ കാരണമായി വിലിയിരുത്തിയത്‌. പാർപ്പിടസമുച്ചയങ്ങൾ കോവിഡ്‌ പ്രതിരോധമാർഗനിർദേശങ്ങൾ തുടർച്ചയായി അവഗണിച്ചതാണ്‌ നിലവിലെ അവസ്ഥാവിശേഷത്തിനിടയാക്കിയതെന്നും നഗരസഭ വിലയിരുത്തുന്നു. ബി.എം.സിയുടെ കണക്കുപ്രകാരം അന്ധേരിയും ജോഗേശ്വരിയും ഉൾപ്പെടുന്ന കെ.വെസ്റ്റ്‌ വാർഡിലാണ്‌ കൂടുതൽ പാർപ്പിടസമുച്ചയങ്ങളുള്ളത്- 273 . തൊട്ടുപിന്നിൽ മലബാർഹിൽ, ഗ്രാന്റ്‌റോഡ്‌ എന്നിവ ഉൾപ്പെടുന്ന ഡി.വാർഡ്‌ ആണ്‌. ഇവിടെ 247 പാർപ്പിടസമുച്ചയങ്ങളുണ്ട്‌. പരേലും സെവ്‌രിയും ഉൾപ്പെടുന്ന എഫ്‌. സൗത്ത്‌ വാർഡിൽ 147 കെട്ടിടങ്ങളാണുള്ളത്‌. എന്നാൽ, ഇതെല്ലാം 15 നിലകൾക്ക്‌ മുകളിലുള്ള വമ്പൻകെട്ടിടങ്ങളാണ്‌. മുംബൈയിൽ 10,797 ബഹുനില പാർപ്പിടസമുച്ചയങ്ങളിലായി 20 ലക്ഷം പേർ താമസിക്കുന്നുണ്ടെന്ന്‌ നഗരസഭ വ്യക്തമാക്കുന്നു.