2022-ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ പുതിയ ഇന്ത്യ ഉടലെടുക്കുമെന്നും ആഗോളവികസനത്തിനു വർധിച്ച ആത്മവിശ്വാസത്തോടെ ഇന്ത്യ നേതൃത്വം നൽകുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ രണ്ടാം മോദിസർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിന്റെ സൂക്തവും ഗാന്ധിജി, അംബേദ്കർ, ടാഗോർ എന്നിവരുടെ പ്രഭാഷണശകലങ്ങളും ഉദ്ധരിച്ചായിരുന്നു ഒരു മണിക്കൂർ നീണ്ട പ്രസംഗം.
സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ അഞ്ചുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി 2022-ഓടെ ഇന്ത്യ വളരുമെന്ന് രാഷ്ട്രപതി വിശ്വാസം പ്രകടിപ്പിച്ചു. പുതിയ ഇന്ത്യ ലക്ഷ്യമിട്ടു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനം നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. 2022-നകം 35,000 കിലോമീറ്റർ ദൂരം ദേശീയപാത നിർമിക്കും. റെയിൽവേ, ജലപാത, വ്യോമപാത എന്നിവയും ശക്തിപ്പെടുത്തും. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന നിലയിൽ നഗരകേന്ദ്രീകൃത അടിസ്ഥാന സൗകര്യവികസനം നടപ്പാക്കും. നവീനയാത്രാസൗകര്യങ്ങൾ ബന്ധിപ്പിക്കുന്നതിനായി ഒരു രാജ്യം, ഒരു കാർഡ് സംവിധാനം നടപ്പാക്കും.
പുതിയ വ്യവസായനയം ഉടൻ കേന്ദ്രസർക്കാർ പ്രഖ്യാപിക്കും. 1991-ലെ വ്യവസായ നയത്തിനു പകരമായിട്ടായിരിക്കും പുതിയ നയം.
“ഇന്ത്യ ഇപ്പോൾ പുതിയ ചരിത്രരചനയിലാണ്. 72 വർഷത്തെ അനുഭവപരിചയത്തിൽനിന്നു പാഠമുൾക്കൊണ്ടാണ് പുതിയ ഇന്ത്യയിലേക്കു സഞ്ചരിക്കുന്നത്. പുതിയ യുഗത്തിനായി ഒരു പുതിയ പ്രസ്ഥാനത്തിനു രൂപം കൊടുക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാംവാർഷികമായ 2047-ലെ ഇന്ത്യക്കാണ് ഇതിലൂടെ രൂപം നൽകുന്നത്”-രാഷ്ട്രപതി പറഞ്ഞു.
2014-ൽ തുടങ്ങിയ വികസനയാത്ര തുടരാനുള്ള വ്യക്തമായ ജനവിധിയാണ് ജനങ്ങൾ മോദിസർക്കാരിനു നൽകിയിരിക്കുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ‘സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന തത്ത്വത്തിൽ അടിയുറച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തായിരിക്കും സർക്കാർ പ്രവർത്തിക്കുകയെന്നു രാഷ്ട്രപതി ഉറപ്പുനല്കി.
പുതിയ ഇന്ത്യയുടെ സവിശേഷതകളായി രാഷ്ട്രപതി മുന്നോട്ടുവയ്ക്കുന്ന മറ്റു ഘടകങ്ങൾ:
* രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാകും
* എല്ലാ പാവപ്പെട്ടവർക്കും പാർപ്പിടവും വൈദ്യുതിയും കക്കൂസും ആശുപത്രിസേവനവും
* എല്ലാഗ്രാമങ്ങളും റോഡുകളാൽ ബന്ധിപ്പിക്കും
* ഗംഗാനദി തടസ്സം കൂടാതെയും മാലിന്യമില്ലാതെയും ഒഴുകും
* ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിഭവങ്ങളുടെ ബലത്തിൽ ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തു ത്രിവർണപതാക പാറിക്കും
* ആഗോളവികസനത്തിനു പുതിയ ആത്മവിശ്വാസത്തോടെ ഇന്ത്യ നേതൃത്വം നൽകും
* ലോകത്തിലെ ഏറ്റവും വലിയ മൂന്നു സമ്പന്ന രാജ്യങ്ങൾക്കൊപ്പം ചേരാനാവുന്ന നിലയിൽ ഇന്ത്യ പുരോഗമിക്കും