കൊൽക്കത്ത: വോട്ടിന്റെ ചൂട് ഉയർന്നുവരുന്നതേയുള്ളു. പക്ഷെ, പശ്ചിമ ബംഗാളിൽ പാട്ടിന്റെ പോരാട്ടം കനക്കുകയാണ്‌. ‘സംഗതി’കളെല്ലാം ചേരുംപടി ചേർത്ത പാട്ടുകളുമായി ‘ഒന്നൊന്നര’ പിടിപിടിക്കുകയാണ് പ്രധാന രാഷ്ട്രീയകക്ഷികൾ. കാവിലെ പാട്ടുമത്സരത്തിൽ ആരാണ് മുന്നിലെന്നാണ് സമൂഹികമാധ്യമങ്ങളിലെ ചൂടുള്ള ചർച്ച .

‘തുംപാ സോനാ’ എന്ന പാട്ടുമായി ഇറങ്ങിയ ഇടതുപക്ഷം നല്ല ഓളമുണ്ടാക്കിയിട്ടുണ്ട്. ജനപ്രിയ ആൽബമായ ‘ആർ.ഐ.പി - റെസ്റ്റ് ഇൻ േപ്രം’ എന്ന ജനപ്രിയ ആൽബത്തിലെ അടിപൊളിപ്പാട്ടിന്റെ പാരഡിയാണിത്. തുംപാ എന്ന കാമുകിയോടായി കാമുകൻ പറയുന്ന കാര്യങ്ങളാണ് പാട്ടിൽ. ‘ഒരുമിച്ച് ഒച്ചയുയർത്താം തുംപാ, ദീദിയും മോദിയും ഓടട്ടെ’ എന്നിങ്ങനെ പോകുന്നു ബി.ജെ.പിയെയും തൃണമൂലിനെയും കുത്തിയുള്ള വരികൾ. സ്വകാര്യ ഡി.ജെ. പാർട്ടികളിലും പാട്ട് ഹിറ്റാണി പ്പോൾ. ജനപ്രിയ ഗാനങ്ങളോട് മുഖംതിരിച്ചുനിന്ന ബംഗാൾ സി.പി.എമ്മും ഒടുവിൽ ‘ന്യൂജൻ’ ആയെന്ന് കേൾവിക്കാരും പറയുന്നു.

‘പിഷി ജാവോ’ (അപ്പച്ചി പോയാട്ടെ ) എന്നാണ് ബി.ജെ.പിയുടെ പാട്ട്. പിഷി എന്നാൽ പിതൃസഹോദരി. മമതയെ ‘പിഷി’ എന്നും സഹോദരപുത്രനായ അഭിഷേക് ബാനർജിയെ ‘ഭായ്പോ’, എന്നുമാണ് ബി.ജെ.പിക്കാർ കളിയാക്കി വിളിക്കുന്നത്. ‘റോഡെല്ലാം പൊളിഞ്ഞു; ബംഗാളും പൊളിഞ്ഞു... കള്ളം മാത്രം പറയുന്ന അപ്പച്ചി പോയാട്ടെ...’ പാട്ടിലെ ചാട്ടുളികൾ പ്രധാനമായും മമതയ്ക്കെതിരെയാണ്. ഇറ്റലിയിലെ പാർട്ടിസാൻ കൂട്ടായ്മയുടെ ഫാസിസ്റ്റ് വിരുദ്ധ ഗാനമായ ‘ബെല്ലാ ചാവോ’ മാതൃകയിലാണ് പാട്ട്. പാർട്ടിസാൻകാരുടെ രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും മാറ്റത്തിനുള്ള ആഗ്രഹം അതിലുണ്ടെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങൾ പറയുന്നത്.

എതിർകക്ഷികളെല്ലാം തൊണ്ടകീറിപ്പാടുമ്പോൾ ഭരണകക്ഷിക്ക് മിണ്ടാതിരിക്കാൻ പറ്റുമോ? കാണാൻപോകുന്ന പൂരം പറഞ്ഞറിയിക്കാൻ തന്നെയാണ് തൃണമൂലിന്റെ പുറപ്പാട്. ‘ഖേലാ ഹോബെ’ (കളി നടക്കും) എന്ന പാട്ട് അണികൾ പ്രചരിപ്പിക്കുന്നു. ‘കളി നടക്കും, ഉഗ്രൻ കളി നടക്കും, ഈ മണ്ണിൽ ഒരു കളിനടക്കും’ എന്നിങ്ങനെയാണ് തുടക്കം. ‘വരത്തൻമാർ’ വരുന്നത് സൂക്ഷിക്കണമെന്ന മുന്നറിയിപ്പും. പാർട്ടിയുടെ ബീർഭൂം ജില്ലാപ്രസിഡന്റ്‌ അനുബ്രത മണ്ഡലിന്റെ പ്രയോഗമാണ് പിന്നീട് പാട്ടായിമാറിയത്. പ്രയോഗം അനുബ്രതയുടെതല്ല, ബംഗ്ളാദേശിലെ അവാമി ലീഗ് നേതാവ് ഷമീം ഒസ്മാന്റേതാണെന്ന് ബി.ജെ.പിക്കാർ പറയുന്നു. എന്തായാലും ‘ഖേലാ ഹോബെ’ പാടി നൃത്തംചെയ്യുന്ന എം.എൽ.എയുടെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

പാട്ടുകളെല്ലാം കൊഴുക്കുമ്പോൾ കേട്ടുരസിക്കുന്ന വോട്ടർമാരെ പാട്ടിലാക്കാൻ ഏതു പാട്ടിനാണ് കഴിയുക? അറിയാൻ മേയ് രണ്ടുവരെ കാത്തിരിക്കേണ്ടിവരും.

Content Highlight: 2021 West Bengal Legislative Assembly election