വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തിൽ കോൺഗ്രസ് മൗനം തുടരുന്നു. മേയ് 19-ന് അവസാനഘട്ടത്തിലാണവിടെ തിരഞ്ഞെടുപ്പ്. ഏപ്രിൽ 22 മുതൽ 29 വരെ നാമനിർദേശപത്രിക സമർപ്പിക്കാം.

പ്രിയങ്ക മത്സരിക്കുന്നകാര്യം ഇതുവരെ ഔദ്യോഗികമായി ചർച്ചയായിട്ടില്ലെന്നും എന്നാലിക്കാര്യം തള്ളിക്കളയാനാവില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലഖ്‌നൗവിലുൾപ്പെടെ ചൊവ്വാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും വാരാണസി ഒഴിച്ചിട്ടത് പ്രിയങ്കയുടെ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്.

വാരാണസിയിൽ കോൺഗ്രസോ കഴിഞ്ഞതവണ മത്സരിച്ച അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിയായ ആം ആദ്മി പാർട്ടിയോ എസ്.പി.-ബി.എസ്.പി.-രാഷ്ട്രീയ ലോക്ദൾ മഹാസഖ്യമോ ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. മഹാസഖ്യം എസ്.പി.ക്കാണ് ഈ സീറ്റ് നൽകിയിട്ടുള്ളത്.

കോൺഗ്രസ് പ്രിയങ്കയെ നിർത്തുകയാണെങ്കിൽ എസ്.പി. സ്ഥാനാർഥികളെ നിർത്തില്ലെന്നുറപ്പാണ്. എസ്.പി. നേതാവ് അഖിലേഷ് യാദവിന്റെ മണ്ഡലമായ അസംഗഢിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. എസ്.പി.യും ബി.എസ്.പി.യും കോൺഗ്രസും തമ്മിൽ നേതാക്കളുടെ മണ്ഡലങ്ങളിൽ പരസ്പരം സ്ഥാനാർഥികളെ നിർത്തേണ്ടെന്ന ധാരണയുമുണ്ട്.

പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിന്റെ വിവിധ വശങ്ങൾ ഹൈക്കമാൻഡ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. 2022-ലെ നിയമസഭാതിരഞ്ഞെടുപ്പാവുമ്പോഴേക്കും യു.പി.യിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കലാണ് പ്രിയങ്കയ്ക്ക് കോൺഗ്രസ് നൽകിയിട്ടുള്ള ചുമതല. പ്രിയങ്ക വാരാണസിയിൽ മോദിക്കെതിരേ മത്സരിച്ചാൽ അതു തളർന്നുകിടക്കുന്ന പാർട്ടിസംഘടനാസംവിധാനത്തിന് ഉണർവുണ്ടാക്കുമെന്ന ചിന്ത പാർട്ടിയിലുണ്ട്. നെഹ്രുകുടുംബം പേടിച്ചോടുന്നുവെന്ന ബി.ജെ.പി.യുടെ പ്രചാരണത്തിന് തടയിടാനും ഇതുവഴിയാവും.

പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി വരുമ്പോൾ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാവുമെന്ന ഭീതി സ്വാഭാവികമായും പ്രധാനമന്ത്രിക്കുണ്ടാവുമെന്നും ഇതുവഴി മോദിയെ വാരാണസിയിൽ തളച്ചിടാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. മത്സരിച്ചുതോറ്റാൽ പ്രിയങ്കയുടെ രാഷ്ട്രീയജീവിതത്തിലുണ്ടായേക്കാവുന്ന നഷ്ടവും മുന്നിലുണ്ട്. രാഷ്ട്രീയപക്വതയുള്ള നേതാവായി രാഹുൽഗാന്ധി വളർന്നുകഴിഞ്ഞസ്ഥിതിക്ക് അത്തരത്തിലൊരാശങ്കയ്ക്കടിസ്ഥാനമില്ലെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. സോണിയയ്ക്ക് പ്രിയങ്ക മത്സരിക്കുന്നതിൽ എതിർപ്പുണ്ട്. പ്രിയങ്കയുടെ തീരുമാനത്തിനുമാത്രമാണ് പ്രസക്തിയെന്നാണ് രാഹുലിന്റെ നിലപാട്.

പ്രിയങ്കയെത്തിയാൽ മോദിക്ക് കടുപ്പമാവും

പൊതുസ്ഥാനാർഥിയായി പ്രിയങ്ക രംഗപ്രവേശം ചെയ്താൽ നരേന്ദ്രമോദിക്ക് മത്സരം കടുപ്പമേറിയതാവും. 2014-ൽ മോദി 5,81,022 വോട്ടാണ് ഇവിടെ നേടിയത്; 3,71,784 വോട്ടിന്റെ ഭൂരിപക്ഷം. വെവ്വേറെ മത്സരിച്ച പ്രതിപക്ഷകക്ഷികളെല്ലാംകൂടി ഇതിനെക്കാൾ 18,938 വോട്ട് അധികം നേടിയിരുന്നു. മൊത്തം 3,90,722 വോട്ട്. അരവിന്ദ് കെജ്‌രിവാൾ (ആംആദ്മി) - 2,09,238, അജയ് റായ് (കോൺഗ്രസ്)- 75,614, വിജയ് പ്രകാശ് ജയ്‌സ്വാൾ (ബി.എസ്.പി.)- 60,579, കൈലാഷ് ചൗരസ്യ (എസ്.പി.)-45,291 എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം. മോദിതരംഗം ആഞ്ഞടിച്ച വർഷം കൂടിയായിരുന്നു 2014.

2009-ൽ പ്രതിപക്ഷകക്ഷികൾ വെവ്വേറെ മത്സരിച്ചിട്ടും ബി.ജെ.പി. സ്ഥാനാർഥിയായ മുരളിമനോഹർ ജോഷിക്ക് കിട്ടിയ ഭൂരിപക്ഷം 17,211 വോട്ടുമാത്രമാണ്. പ്രിയങ്ക മത്സരിക്കുകയും പ്രതിപക്ഷം ഒന്നിക്കുകയും ചെയ്താൽ നരേന്ദ്രമോദി ശക്തമായ മത്സരം നേരിടേണ്ടി വരുമെന്നുപറയുന്നത് ഇതിനാലാണ്. 2014-ലുള്ളത്രയും മോദിതരംഗം ഇപ്പോഴില്ലെന്നും ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: 2019 Loksabha Elections Varanasi