ചെന്നൈ: തമിഴ്നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനും 18 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു.

39 ലോക്‌സഭാ സീറ്റുകളിലേക്കായി ലഭിച്ചത് ആയിരത്തിലേറെ പത്രികകളാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്ക് 450-ലധികം പത്രികകളും ലഭിച്ചു. ബുധനാഴ്ച ഇവയുടെ സൂക്ഷ്മപരിശോധന നടക്കും. വെള്ളിയാഴ്ച വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. അതിനുശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.

ചെന്നൈ സെൻട്രലിൽനിന്ന് ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ അവസാന ദിവസമാണ് പത്രിക സമർപ്പിച്ചത്. ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർഥികളും ചൊവ്വാഴ്ച പത്രിക സമർപ്പിച്ചു. സമയം വൈകിയതിനെത്തുടർന്ന് കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പെരമ്പല്ലൂർ സ്ഥാനാർഥി അരുൾ പ്രകാശത്തിന് നാമനിർദേശ പത്രിക സമർപ്പിക്കാനായില്ല. വൈകീട്ട് മൂന്നിന് സമയം അവസാനിച്ചപ്പോൾ അരുൾ പ്രകാശം എത്തിയത് 3.20-നായിരുന്നു.

പത്രിക സമർപ്പണം പൂർത്തിയാക്കിയെങ്കിലും പത്രികകളുടെ ആകെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച രാത്രി ഒമ്പത് വരെയുള്ള കണക്കുപ്രകാരം ലോക്‌സഭാ തിരഞ്ഞെടുപ്പിന് 1147 പത്രികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 1013 പേർ പുരുഷന്മാരും 132 പേർ വനിതകളും രണ്ട് പേർ ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ടവരുമാണ്. തൂത്തുക്കുടിയിലാണ് ഏറ്റവും കൂടുതൽ പത്രിക ലഭിച്ചിരിക്കുന്നത് - 55 എണ്ണം. ഡി.എം.കെ. നേതാവ് കനിമൊഴിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദർരാജനും തമ്മിലാണ് പ്രധാന മത്സരം. മുൻ മന്ത്രി എ. രാജ മത്സരിക്കുന്ന നീലഗിരിയിലാണ് ഏറ്റവും കുറവ് പത്രികകൾ. ഇവിടെ ആകെ എട്ട് പത്രികകളാണ് ലഭിച്ചിരിക്കുന്നത്.

പ്രധാന കക്ഷികളുടെ സ്ഥാനാർഥികളടക്കം പലരും ഒന്നിലേറെ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. ഡി.എം.കെ.യുടെ മിക്ക സ്ഥാനാർഥികളും നാല് പത്രികകൾ വീതമാണ് നൽകിയിരിക്കുന്നത്. ഇതുകൂടാതെ ഡമ്മി സ്ഥാനാർഥികളുമുണ്ട്.

Content Highlights:2019 Loksabha Elections Tamilnadu