അഹമ്മദാബാദ്: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാസീറ്റും ബി.ജെ.പി. നേടിയ സംസ്ഥാനത്ത് വിജയം ആവർത്തിക്കാൻ ഗുജറാത്തിവികാരം പ്രധാനമന്ത്രി നരേന്ദ്രമോദി ആയുധമാക്കി. കോൺഗ്രസ് കേന്ദ്രത്തിൽ തിരികെവന്നാൽ അവർ ആദ്യം കണക്കുതീർക്കുന്നത് ഗുജറാത്തിനോടാകുമെന്ന് ഹിമ്മത്‌നഗറിലെ പൊതുസമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പുനൽകി.

‘‘2004 മുതൽ 2014 വരെ ഒരു റിമോട്ട് കൺട്രോൾ സർക്കാരായിരുന്നു. ആരാണ് നിയന്ത്രിച്ചതെന്ന് നിങ്ങൾക്കറിയാം. അന്ന് ഡൽഹിയിലിരുന്നവർ ഗുജറാത്തിനെ നശിപ്പിക്കാനാണ് നോക്കിയത്. ഈ സംസ്ഥാനം ഭാരതത്തിന്റെ ഭാഗമേയല്ലെന്ന വിധത്തിലാണ് അവർ പെരുമാറിയത്’’ -മോദി പറഞ്ഞു. ‘‘നമ്മുടെ പോലീസുദ്യോഗസ്ഥരെ, എന്തിന് അമിത് ഷായെപ്പോലും അവർ ജയിലിലടച്ചു’’ -താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വ്യാജ ഏറ്റുമുട്ടൽ കേസുകളുടെ പേരിലുണ്ടായ നടപടികൾ പരാമർശിക്കുകയായിരുന്നു നരേന്ദ്രമോദി.

‘‘ഗുജറാത്തിനെ തകർക്കാൻ ഒരവസരംകൂടി നാം അവർക്ക് നൽകണോ? ഗാന്ധികുടുംബം മൊത്തത്തിൽ ജാമ്യത്തിലിറങ്ങി നടക്കുകയാണ്. അവർ ദേഷ്യത്തിലാണ്. തലമുറകളായി ഈ നാട് ഭരിക്കേണ്ടത് അവരാണെന്നും ഒരു ഗുജ്ജു, ഒരു ചായവാല തങ്ങളെ കോടതി കയറ്റിയത് ശരിയായില്ലെന്നുമാണ് അവരുടെ വിചാരം. എനിക്ക് അഞ്ചുവർഷംകൂടി തന്നാൽ ഇവരെയൊക്കെ ഞാൻ അഴിക്കുള്ളിലാക്കും. അവരാണ് അധികാരത്തിലെത്തുന്നതെങ്കിൽ ആദ്യ ഉന്നം ഗുജറാത്തായിരിക്കും’’ -പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

ആദ്യം ചായക്കച്ചവടക്കാരെയും പിന്നെ ചൗക്കീദാർമാരെയും അവഹേളിച്ച രാഹുൽഗാന്ധി ഇപ്പോൾ ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചെന്നും മോദി കുറ്റപ്പെടുത്തി. എല്ലാ കള്ളൻമാരുടെയും പേരിനൊപ്പം ‘മോദി’ എന്നുള്ളത് എന്താണെന്ന രാഹുലിന്റെ പരാമർശത്തെയായിരുന്നു പ്രധാനമന്ത്രി വിമർശിച്ചത്.

Content Highlights: 2019 Loksabha Elections Modi