ന്യൂഡൽഹി: അസാധുവാക്കിയ നോട്ടുകൾ മാറിയെടുക്കാൻ ബി.ജെ.പി. നേതാക്കൾ കമ്മിഷൻ വാങ്ങുന്ന വീഡിയോ ദൃശ്യവുമായി പ്രതിപക്ഷ നേതാക്കളുടെ സംയുക്ത പത്രസമ്മേളനം. ബാങ്കുകളിൽ തിരിച്ചുനൽകാനുള്ള സമയത്തിനുശേഷം ഒരു ‘ബി.ജെ.പി. നേതാവ്’ 40 ശതമാനം കമ്മിഷനിൽ പഴയ നോട്ടുകൾക്കു പകരം പുതിയ നോട്ടുകൾ കൈമാറുന്ന വീഡിയോ ആണ് നേതാക്കൾ പുറത്തുവിട്ടത്.

അഹമ്മദാബാദിലെ പത്രപ്രവർത്തകർ പകർത്തി ഒരു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതാണിത്. ബി.ജെ.പി. നേതൃത്വവുമായി വളരെ അടുപ്പമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്ന ‘യുവനേതാവ്’ പണം കൈമാറുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ ദൃശ്യത്തിലുള്ളവർ തമ്മിലുള്ള സംഭാഷണത്തിലൂടെ അഞ്ചുകോടി രൂപയാണ് കൈമാറുന്നതെന്ന് വ്യക്തമാകുന്നുണ്ട്. 2016 ഡിസംബർ 31-ന് ശേഷമാണിത്‌ ചിത്രീകരിച്ചതെന്ന് പ്രതിപക്ഷ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ആർ.ജെ.ഡി., ലോക് താന്ത്രിക് ദൾ, നാഷണൽ കോൺഫറൻസ്, ടി.ഡി.പി. നേതാക്കൾക്കൊപ്പമാണ് കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ വിശ്വാസ്യത സംബന്ധിച്ച ചോദ്യത്തിന് അതേക്കുറിച്ചറിയില്ലെന്നായിരുന്നു പത്രസമ്മേളനത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ മറുപടി. കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ നേതാക്കൾ പത്രസമ്മേളനം നിർത്തി സ്ഥലംവിട്ടു.

യു.പി.എ.യുടെ വ്യാജ സാർഥവാഹകസംഘം തട്ടിപ്പുമായി മുന്നോട്ടുപോകുകയാണെന്ന് ഇതേക്കുറിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രതികരിച്ചു. വ്യാജയെദ്യൂരപ്പ ഡയറിക്കുശേഷം തട്ടിപ്പ്‌ ഒളിക്യാമറ ഓപ്പറേഷൻ. യഥാർഥ പ്രശ്നങ്ങളില്ലാത്തപ്പോൾ തട്ടിപ്പിനെ ആശ്രയിക്കുകയാണ് പ്രതിപക്ഷം -ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

Content Highlights: 2019 Loksabha Elections Left Wing Against BJP