ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം കോൺഗ്രസിൽനിന്ന് 20 മുതൽ 22 വരെ എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്ന് ബി.എസ്. യെദ്യൂരപ്പ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 23 സീറ്റുവരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് 22 സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെട്ടതാണ്. എക്സിറ്റ് പോൾ പ്രവചനവും ഇത് ശരിവെച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ജനതാദൾ -എസിലെയും കോൺഗ്രസിലെയും വലിയ നേതാക്കൾ പരാജയപ്പെടും. ജനതാദൾ -എസുമായുള്ള സഖ്യം ഗുണംചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുകയാണ്. സഖ്യത്തിൽ എല്ലാവരും അതൃപ്തരാണെന്നതിന്റെ തെളിവാണിത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോൺഗ്രസിലെ അതൃപ്തരായ നേതാക്കൾ ബി.ജെ.പി.യിൽ ചേരും -അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ വിമതനീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളിയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി.

വിമതപക്ഷത്തുള്ള എം.എൽ.എ.മാരായ മഹേഷ് കുമത്തല്ലി, ഭീമ നായിക്ക്, ജെ.എൻ. ഗണേശ് എന്നിവരുമായി ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്. കോൺഗ്രസിൽനിന്ന് എം.എൽ.എ.മാരെ കൂറുമാറ്റുന്നതിന് രമേശ് ജാർക്കിഹോളിയെയാണ് യെദ്യൂരപ്പ ചുമതലയേൽപ്പിച്ചത്.

Content Highlights: 2019 Loksabha Elections, Karnataka