ന്യൂഡൽഹി: മാസങ്ങൾനീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള ഏഴുസീറ്റിൽ ആറെണ്ണത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഡൽഹി കോൺഗ്രസ് അധ്യക്ഷയും മൂന്നുതവണ മുഖ്യമന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിത്, മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ തുടങ്ങിയ പ്രമുഖർ പട്ടികയിലുണ്ട്.

അതേസമയം, നാമനിർദേശപത്രിക സമർപ്പിക്കാൻ ചൊവ്വാഴ്ചവരെ സമയമുണ്ടെന്നിരിക്കേ അവസാനനിമിഷം സഖ്യമുണ്ടാവാനുള്ള സാധ്യത നിലനില്കുന്നുണ്ട്. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ചുമത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

ഡൽഹിക്ക് പുറമേ, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളിലും സഖ്യം വേണമെന്നായിരുന്നു എ.എ.പി.യുടെ നിർബന്ധം. എന്നാൽ, ഡൽഹിയിൽ മാത്രമേ സഖ്യമുണ്ടാക്കൂവെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇതോടെ സഖ്യസാധ്യത തീർത്തും മങ്ങി. ഇതിനു പിന്നാലെയാണ് കോൺഗ്രസ് ആറു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

കഴിഞ്ഞതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യാണ് ഡൽഹിയിലെ ഏഴുസീറ്റുകളിലും വിജയിച്ചത്. നിലവിൽ നാലുസീറ്റിൽ ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എ.എ.പി. മുഴുവൻ സീറ്റുകളിലെയും സ്ഥാനാർഥികളുടെ പേരുകൾ നേരത്തേ പുറത്തുവിട്ടിരുന്നു.

വടക്കുകിഴക്കൻ ഡൽഹിയിൽനിന്നാണ് ഷീലാ ദീക്ഷിത് ജനവിധി തേടുക. അജയ് മാക്കൻ ന്യൂഡൽഹിയിൽ മത്സരിക്കും. ചാന്ദ്‌നി ചൗക്കിൽ ജെ.പി. അഗർവാളും കിഴക്കൻ ഡൽഹിയിൽ അർവിന്ദർ സിങ് ലവ്‌ലിയുമാണ് സ്ഥാനാർഥികൾ. രാജേഷ് ലിലോത്തിയ വടക്കുപടിഞ്ഞാറൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിൽ മഹാബൽ മിശ്രയും മത്സരിക്കും. തെക്കൻ ഡൽഹിയിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത്.

സിഖ് വിരുദ്ധ കലാപത്തിലെ പ്രതി സജ്ജൻ കുമാറിന്റെ സഹോദരൻ രമേഷ് കുമാറിന് ഇൗ സീറ്റ് നൽകാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സിഖ് സമുദായത്തിൽനിന്ന് ശക്തമായ എതിർപ്പുയർന്നതോടെ തീരുമാനം മാറ്റി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലിന് സീറ്റ് നൽകിയിട്ടില്ല. 2004 മുതൽ രണ്ടുതവണ ചാന്ദ്‌നി ചൗക്കിൽനിന്ന് ലോക്‌സഭയിലെത്തിയ സിബൽ 2014-ൽ കേന്ദ്രമന്ത്രി ഡോ. ഹർഷവർധനോട് പരാജയപ്പെട്ടിരുന്നു. ഡൽഹി ബി.ജെ.പി. അധ്യക്ഷൻ മനോജ് തിവാരി, എ.എ.പി. നേതാവ് ദിലീപ് പാണ്ഡെ എന്നിവരാണ് ഷീലാ ദീക്ഷിതിന്റെ എതിരാളികൾ. മേയ് 12-നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്.

Content Highlights: 2019 Loksabha Elections Delhi Congress Candidates