ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയെ അടിത്തട്ട് മുതൽ ശക്തിപ്പെടുത്താനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഭാരതയാത്രയ്ക്ക് ഇറങ്ങിയേക്കും.

ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസിന് വൻ വിജയം നേടാൻ ജഗൻമോഹൻ റെഡ്ഡിയുടെ പ്രജാസങ്കല്പ്‌ യാത്ര സഹായകരമായെന്ന പാഠം ഉൾക്കൊണ്ടാണ് ഈ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് അധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിക്കുകയും മറ്റ് നേതാക്കളിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുന്ന രാഹുൽഗാന്ധി പാർട്ടിയെ പുനരുദ്ധരിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ഭാരത യാത്രയ്ക്കൊരുങ്ങുന്നത്. എന്നാൽ, ഇത് സംബന്ധിച്ച അന്തിമസ്ഥിരീകരണം പാർട്ടി നേതൃത്വം നൽകിയിട്ടില്ല. യാത്ര ആലോചനാഘട്ടത്തിൽ മാത്രമാണെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.

പാർട്ടിയുടെ സംഘടനാപരമായ പ്രശ്നങ്ങൾ താഴെത്തട്ടിൽനിന്നുതന്നെ മനസ്സിലാക്കുന്നതിനും ജനങ്ങളുടെ വിഷയങ്ങൾ നേരിട്ടറിയുന്നതിനും ഭാരതയാത്ര സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. പദയാത്രയും കാർ, പൊതുവാഹനങ്ങൾ എന്നിവ ഉപയോഗിച്ചുള്ള യാത്രയും ഇടകലർത്തിയായിരിക്കും ഇത് സംഘടിപ്പിക്കുക.

ഇന്ത്യ മുഴുവൻ യാത്ര ചെയ്യുകയെന്നത് രാഹുൽ നേരത്തേതന്നെ ആലോചിച്ചിരുന്നതാണെന്നും തിരഞ്ഞെടുപ്പ് തോൽവി അതിനെ ബലപ്പെടുത്തിയെന്നും നേതാക്കളിൽ ചിലർ പറയുന്നു. എന്നാൽ, പാർട്ടി നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കണ്ടെത്തിയ ശേഷമായിരിക്കും ഇതെന്നും അവർ കൂട്ടിച്ചേർത്തു.

ആന്ധ്രയിൽ 14 മാസം നടത്തിയ പദയാത്രയാണ് ജഗൻ മോഹൻ റെഡ്ഡിയെ ജനകീയ നേതാവായി ഉയർത്തിയതെന്ന രാഷ്ട്രീയപാഠമാണ് കോൺഗ്രസിനെ ഈ വഴിയിലേക്ക് നയിക്കുന്നത്. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗുജറാത്തിൽ നടത്തിയ യാത്ര പാർട്ടിക്ക് ഗുണംചെയ്ത കാര്യവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlights: 2019 loksabha election, rahulgandhi, bharathayathra