ബെംഗളൂരു: സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് മാണ്ഡ്യയിൽ അട്ടിമറിവിജയം നേടിയ നടി സുമലത ബി.ജെ.പി. നേതാക്കളായ ബി.എസ്. യെദ്യൂരപ്പ, എസ്.എം. കൃഷ്ണ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിൽ പിന്തുണ നൽകിയതിനു നന്ദി അറിയിക്കാനാണ് എത്തിയതെന്ന് സുമലത പറഞ്ഞു. പാർലമെന്റിൽ ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന കാര്യം പ്രവർത്തകരും വോട്ടർമാരുമായി ചർച്ചചെയ്തശേഷം തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ചവർക്ക് ഏതെങ്കിലും പാർട്ടിയിൽ ചേരാൻ കഴിയില്ല. പിന്തുണയ്ക്കാനേ കഴിയൂ- സുമലത പറഞ്ഞു. ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന കാര്യത്തിൽ അനുയായികളുമായി സംസാരിച്ചശേഷം സുമലത തീരുമാനമെടുക്കുമെന്ന് യെദ്യൂരപ്പയും പറഞ്ഞു. പാർട്ടിയിലേക്ക് സുമലതയെ ക്ഷണിച്ചെന്നാണ് സൂചന.

സുമലത ബി.ജെ.പി.യിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ 1,25,876 വോട്ടുകൾക്കാണ് സുമലത തോൽപ്പിച്ചത്. കോൺഗ്രസിൽനിന്ന് ബി.ജെ.പി.യിലെത്തിയ മുൻമുഖ്യമന്ത്രി കൂടിയായ എസ്.എം. കൃഷ്ണ സുമലതയ്ക്കുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. കോൺഗ്രസ്-ജനതാദൾ(എസ്) സഖ്യം സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രയായി മത്സരിച്ച സുമലതയെ ബി.ജെ.പി. പിന്തുണയ്ക്കുകയായിരുന്നു.

മാണ്ഡ്യയിലെ ജനങ്ങളുടെ അഭിപ്രായമാണ് വലുതെന്ന് സുമലത പറഞ്ഞു. ‘‘ജനങ്ങളുമായി സംസാരിച്ച ശേഷം ഭാവി നടപടികൾ തീരുമാനിക്കും. മാണ്ഡ്യയിലെ താലൂക്കുകളിൽ സന്ദർശനം നടത്തും. അനുയായികളുമായും വോട്ടർമാരുമായും സംസാരിക്കും’’-അവർ പറഞ്ഞു. കർണാടകത്തിലും രാജ്യത്തും വൻവിജയം നേടിയ ബി.ജെ.പി.യെ സുമലത അഭിനന്ദിച്ചു. ബി.ജെ.പി.യുടെ വിജയം സുനാമിയാണെന്നും അവർ പറഞ്ഞു.

കോൺഗ്രസ് നേതാവും നടനുമായിരുന്ന പരേതനായ അംബരീഷിന്റെ ഭാര്യയായ സുമലതയുടെ വിജയം ജനതാദൾ-എസിന് കനത്ത പ്രഹരമാണുണ്ടാക്കിയത്. പാർട്ടിനേതൃത്വത്തിന്റെ നിർദേശം മറികടന്ന് കോൺഗ്രസ് പ്രാദേശികഘടകം സുമലതയെ പിന്തുണച്ചതാണ് വിജയത്തിനുള്ള പ്രധാനകാരണങ്ങളിലൊന്ന്.

Content Highlights: 2019 lok sabha elections, sumalatha, yeddyurappa