ചെന്നൈ: ദക്ഷിണ റെയിൽവേയിൽ 20,123 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രധാന വകുപ്പുകളായ സിഗ്‌നൽ ആൻഡ്‌ കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഓപ്പറേറ്റിങ് വിഭാഗം തുടങ്ങിയ തന്ത്രപ്രധാനമായ വകുപ്പുകളിലെ വിവിധ തസ്തികകളിലാണ് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നത്.

നിലവിലുള്ള ജീവനക്കാർക്ക് ജോലി ഭാരം വർധിക്കുന്നതോടൊപ്പം ഒട്ടേറെ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം നിഷേധിക്കപ്പെടുക കൂടിയാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. സിവിൽ എൻജിനിയറിങ്ങിൽ 5380, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ 4761, ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ 25447, ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിൽ 1,878 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. ലോക്കോ പൈലറ്റ്, ഗാർഡ്, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയവർ ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.

അഡ്മിസ്ട്രേഷൻ വിഭാഗം (102), അക്കൗണ്ട്‌സ് (1147), കൊമേഴ്‌സ്യൽ (1723), സിഗ്‌നൽ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ (788), മെഡിക്കൽ (584), പേഴ്‌സണൽ (485), സ്റ്റോഴ്സ് (675), ആർ.പി.എഫ്. (56) എന്നീ വിഭാഗങ്ങളിലും ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു. ദക്ഷിണ റെയിൽവേയിലെ ഒഴിവുകളിൽ 1,454 എണ്ണം പാലക്കാട് ഡിവിഷനിലും 1,838 എണ്ണം തിരുവനന്തപുരം ഡിവിഷനിലുമാണ്. പല സെക്‌ഷനിലും കരാറടിസ്ഥാനത്തിൽ നിശ്ചിത കാലത്തേക്ക്‌ ഉദ്യോഗാർഥികളെ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയുമാണ് ചെയ്യുന്നതെന്നും റെയിൽവേ ജീവനക്കാർ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമായി എല്ലാ വർഷം റെയിൽവേയിൽ നിശ്ചിത തസ്തികകളിലെ ഒഴിവുകൾ റദ്ദാക്കാറുണ്ട്. കാലഹരണപ്പെട്ടതും അനാവശ്യവുമായ തസ്തികകളിലേക്ക് വീണ്ടും നിയമനം നടത്തേണ്ടതില്ലെന്ന് റെയിൽവേ ബോർഡ് സോണുകൾക്ക് നിർദേശം നൽകാറുണ്ട്. കഴിഞ്ഞ 30 വർഷമായി റെയിൽവേയിൽ ജീവനക്കാരെ കുറയ്ക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ ദക്ഷിണ റെയിൽവേയിൽ വിവിധ തസ്തികകളിലായി 1500 തുടർ നിയമനങ്ങൾ റദ്ദാക്കാനാണ് റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 1,600 ഒഴിവുകളിലേക്ക് ഇനി നിയമനങ്ങൾ നടത്തില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു.

പ്ലാനിങ് ബ്രാഞ്ച്, വർക്ക് സ്റ്റഡി വകുപ്പുകൾ വിവിധ വകുപ്പ് മേധാവികളുമായി ചർച്ച നടത്തിയാണ് ഒഴിവുകൾ റദ്ദാക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. ഒാരോ വർഷവും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും മറ്റൊരു വശത്ത് ഒഴിവുകൾ നികത്താത്തതിലൂടെയും ഒട്ടേറെപ്പേർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ഉദ്യോഗാർഥികളും കുറ്റപ്പെടുത്തുന്നു. ദക്ഷിണ റെയിൽവേയിൽ ആകെ 1,01,583 ജീവനക്കാരെയാണ് വേണ്ടത്.

Content Highlights: 20,123 vacancies in Southern Railway