ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ്. ജവാന്മാർക്ക് വീരമൃത്യു. എ.എസ്.ഐ. ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കുണ്ട്. ഉച്ചയ്ക്ക് നൗഗാമിനടുത്ത് കന്ദിസൽ പാലത്തിലൂടെ നീങ്ങുമ്പോഴാണ് സി.ആർ.പി.എഫ്. സംഘത്തിനുനേരെ ആക്രമണമുണ്ടായത്.

മോട്ടോർസൈക്കിളിലെത്തിയ രണ്ട് ഭീകരർ എ.കെ. 47 തോക്കുപയോഗിച്ചാണ് വെടിവെച്ചത്. കോൺസ്റ്റബിൾമാരായ ശാലിന്ദർ പ്രതാപ് സിങ്, ദേവേന്ദർ കുമാർ ത്രിപാഠി എന്നിവരാണ് കൊല്ലപ്പെട്ടത്. എ.എസ്.ഐ. ഗോരഖ് നാഥ്, കോൺസ്റ്റബിൾമാരായ കിർഗെയിൻ, ജയിംസ് എന്നിവർക്ക് പരിക്കേറ്റു. സി.ആർ.പി.എഫ്. ജവാന്മാർ പ്രത്യാക്രമണം നടത്തിയെങ്കിലും ഭീകരർ രക്ഷപ്പെട്ടു.

പാകിസ്താൻ സ്വദേശിയായ സൈഫുള്ളയടക്കമുള്ള ലഷ്കറെ തൊയ്ബ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് കശ്മീർ ഐ.ജി. വിജയകുമാർ പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ സേന സ്ഥലത്തെത്തി. രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം വ്യാപകമായ തിരച്ചിൽ തുടരുകയാണ്.