ദെഹ്റാദൂൺ: ഉത്തരാഖണ്ഡിന് വലിയ വാഗ്ദാനങ്ങൾനൽകി ആം ആദ്മി പാർട്ടി (എ.എ.പി.) നേതാവ് അരവിന്ദ് കെജ്‌രിവാൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആറുമാസംകൊണ്ട് ഒരുലക്ഷം തൊഴിലവസരവും ജോലി ലഭിക്കുന്നതുവരെ ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് മാസം 5000 രൂപ അലവൻസും നൽകുമെന്ന് കെജ്‌രിവാൾ പറഞ്ഞു.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളിൽ 80 ശതമാനവും ഉത്തരാഖണ്ഡുകാർക്കായി സംവരണം ചെയ്യും. തൊഴിൽ ആവശ്യമുള്ളവർക്കും തൊഴിൽദാതാക്കൾക്കും സംവദിക്കാൻ കഴയുന്നതരത്തിൽ ഡൽഹിയിലുണ്ടാക്കിയതുപോലെ തൊഴിൽ പോർട്ടലുണ്ടാക്കും. തൊഴിലില്ലായ്മയും കുടിയേറ്റവും കൈകാര്യംചെയ്യുന്നതിന് പ്രത്യേക മന്ത്രാലയമുണ്ടാക്കും.

മാറിവരുന്ന സർക്കാരുകൾ വർഷങ്ങളായി ഉത്തരാഖണ്ഡിലെ വിഭവങ്ങൾ കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്ന പാർട്ടിയാണ് എ.എ.പി. ഡൽഹിയിൽ പറഞ്ഞതെല്ലാം ചെയ്തുകാണിച്ചു. ‘24 മണിക്കൂറും കർഷകർക്ക് സൗജന്യവൈദ്യുതിയും ഓരോ വീട്ടിലും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതിയും നൽകുമെന്ന് ഡൽഹിയിൽ നൽകിയ വാഗ്ദാനം പാലിച്ചു. ഇവിടെയും അത് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി എ.എ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാർഥി കേണൽ അജയ് കോത്യാലിന് അവസരംനൽകണമെന്ന് കെജ്‌രിവാൾ പറഞ്ഞു. അടുത്തവർഷം ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്.