ബെംഗളൂരു: രണ്ടുറോക്കറ്റിന്റെ നിർമാണംകൂടി പൂർണമായി ഇന്ത്യൻ കമ്പനികൾക്ക് നൽകാനുള്ള പദ്ധതിയുമായി ബഹിരാകാശവകുപ്പ്. ജി.എസ്.എൽ.വി. മാർക്ക് മൂന്ന്, എസ്.എസ്.എൽ.വി. എന്നീ റോക്കറ്റുകളാണ് ഇന്ത്യൻ കമ്പനികൾ നിർമിക്കുകയെന്ന് ന്യൂസ്‌പേയ്‌സ് ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിൽ, പി.എസ്.എൽ.വി. റോക്കറ്റിന്റെ നിർമാണത്തിന് ഇന്ത്യൻ കന്പനികൾക്ക് അവസരം നൽകിയിട്ടുണ്ട്. എച്ച്.എ.എൽ.-എൽ. ആൻഡ് ടി., ബെൽ-അദാനി-ബെമൽ, ഭെൽ എന്നിവരാണ് ലേലത്തിൽ പങ്കെടുത്തത്. മൂന്നുകമ്പനികളുടെയും അപേക്ഷകൾ വിശദമായി വിശകലനംചെയ്തശേഷം രണ്ടുമാസത്തിനുള്ളിൽ ഒരു കമ്പനിക്ക് കരാർനൽകുമെന്ന് ന്യൂസ്‌പേയ്‌സ് ഇന്ത്യ ലിമിറ്റഡ് ചെയർമാനും എം.ഡി.യുമായ ഡി. രാധാകൃഷ്ണൻ പറഞ്ഞു.

പി.എസ്.എൽ.വി. നിർമിക്കുന്നതിനുള്ള കരാർ നൽകിയശേഷം സമാനമായ രീതിയിൽ ജി.എസ്.എൽ.വി. മാർക്ക് മൂന്ന്, എസ്.എസ്.എൽ.വി. എന്നിവ നിർമിക്കുന്നതിനുള്ള അപേക്ഷ വിവിധ കമ്പനികളിൽനിന്ന് ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.