ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ വിദേശ സഞ്ചാരികൾക്ക് വിസ അനുവദിക്കാൻ ഉടൻ നടപടി ഉണ്ടായേക്കും. ടൂറിസം, അതിഥിസത്‌കാരം, വ്യോമയാന മേഖലകളെ ഉത്തേജിപ്പിക്കാൻ അഞ്ചുലക്ഷം പേർക്ക് സൗജന്യവിസ അനുവദിക്കാനാണ് ആലോചന. പത്തുദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഒന്നരവർഷത്തിനുശേഷമാണ് വിനോദസഞ്ചാരമേഖല വിദേശികൾക്കായി തുറക്കുന്നത്. അടുത്ത മാർച്ച് വരേയോ അഞ്ചുലക്ഷം വിസ തികയുന്നതുവരെയോ ആയിരിക്കും സൗജന്യം. ഇതുവഴി 100 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകും.

ഒരു മാസത്തെ ഇ-ടൂറിസ്റ്റ് വിസയ്ക്ക് ഏകദേശം 25 ഡോളറും ഒരുവർഷത്തേക്ക് 40 ഡോളറുമാണ് നേരത്തേ ഈടാക്കിയിരുന്നത്. 2020 മാർച്ചുമുതൽ ഇ-ടൂറിസ്റ്റ് വിസ താത്‌കാലികമായി നിർത്തിവെക്കുകയായിരുന്നു.

അതേസമയം, ഏതെല്ലാം രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസ അനുവദിക്കണം, മാനദണ്ഡം എന്തായിരിക്കണം എന്നതുസംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. ഒട്ടേറെ വിദേശരാജ്യങ്ങൾ വിദേശികൾക്കായി സഞ്ചാരമേഖല തുറന്നുകഴിഞ്ഞിട്ടുണ്ട്.