മുംബൈ: ഭീകരാക്രമണ പദ്ധതിക്കിടെ ഡൽഹി പോലീസ് പിടികൂടിയ സംഘവുമായി ബന്ധമുള്ള ഒരാളെക്കൂടി മുംബൈയിൽ അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെ താനെയിലെ മുംബ്രയിൽനിന്നാണ് മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സേന (എ.ടി.എസ്.) റിസ്വാൻ എന്നയാളെ പിടികൂടിയത്.

രാജസ്ഥാനിലെ കോട്ടയിൽനിന്ന് ഡൽഹി പോലീസ് പിടികൂടിയ മുംബൈ സ്വദേശി ജാൻ മുഹമ്മദ് ശൈഖുമായി അടുപ്പമുള്ള സാക്കീർ ഹുസൈൻ ശൈഖിനെ എ.ടി.എസും മുംബൈ ക്രൈംബ്രാഞ്ചും ചേർന്ന് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. സാക്കീറിന്റെ സഹോദരൻ ഷാക്കിർ ഹുസൈൻ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ കൂട്ടാളിയായി പാകിസ്താനിൽ കഴിയുകയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാക്കീർ ഹുസൈനെ ചോദ്യംചെയ്തതിൽനിന്നു കിട്ടിയ വിവരമനുസരിച്ചാണ് റിസ്വാനെ പിടികൂടിയത്.

ചൊവ്വാഴ്ച അറസ്റ്റിലായ ജാൻ മുഹമ്മദിന്റെ ഫോൺ ഒളിപ്പിക്കാൻ സഹായിച്ചത് റിസ്വാനാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ കോടതിയിൽ ഹാജരാക്കിയ റിസ്വാനെ തിങ്കളാഴ്ചവരെ എ.ടി.എസിന്റെ കസ്റ്റഡിയിൽ വിട്ടു.

ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ട ആറുപേരെയാണ് വിവിധ സ്ഥലങ്ങളിൽനിന്ന് ഡൽഹി പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. മുംബൈ സബർബൻ തീവണ്ടികളിൽ സ്ഫോടനം നടത്താൻ ഇവർക്ക് ഉദ്ദേശ്യമുണ്ടായിരുന്നെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീൽ പറഞ്ഞിരുന്നു. ഇതിനായി മുംബൈയിലേക്ക് സ്ഫോടകവസ്തുക്കൾ കൊണ്ടുവരാൻ നേരത്തേ അറസ്റ്റിലായ ജാൻ മുഹമ്മദിന് നിർദേശം നൽകിയത് ശനിയാഴ്ച അറസ്റ്റിലായ സാക്കീർ ഹുസൈൻ ശൈഖ് ആണെന്ന് മഹാരാഷ്ട്ര പോലീസ് പറയുന്നു. ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് മുംബൈയിലെ റെയിൽവേസ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.