ചെന്നൈ: വിഴിഞ്ഞം തുറമുഖനിർമാണത്തിന് പാറക്കല്ലുകൾ ലഭ്യമാക്കുന്നതിന് തമിഴ്നാടിന്റെ സഹായം തേടി കേരളം. ഇതുസംബന്ധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ ചെന്നൈയിൽ തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് മന്ത്രി ഇ.വി. വേലുവുമായി ചർച്ചനടത്തി. തുറമുഖനിർമാണ പ്രവർത്തനങ്ങൾക്ക് കന്യാകുമാരിയിൽനിന്ന് കല്ലുകളെത്തിക്കുന്നതിനുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. അനുകൂലതീരുമാനമെടുക്കാമെന്ന് ഉറപ്പു ലഭിച്ചതായി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

വിഴിഞ്ഞം തുറമുഖപദ്ധതി വൈകുന്നതിനുള്ള പ്രധാന കാരണം പുലിമുട്ട് നിർമാണത്തിനാവശ്യമായ കല്ല് കിട്ടാത്തതാണ്. 70 ലക്ഷം ടൺ കല്ലാണ് പുലിമുട്ട് നിർമാണത്തിനു വേണ്ടത്.

അദാനി ഗ്രൂപ്പുമായുള്ള കരാർപ്രകാരം കല്ല് ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം കമ്പനിക്കാണ്. കല്ല് ലഭിക്കുന്നതിന് സർക്കാരിന്റെ സഹായം തേടിയിരുന്നു. കന്യാകുമാരിയിൽ ആവശ്യമായ കല്ലുകൾ ലഭ്യമാണ്. എന്നാൽ, അതിർത്തികടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ സങ്കീർണതകൾ കല്ലെത്തിക്കുന്നതിന് തടസ്സമാകുന്നു. ഇത് പരിഹരിക്കുന്നതിനാണ് തമിഴ്‌നാട് സർക്കാരിന്റെ ഇടപെടൽ കേരളം ആവശ്യപ്പെട്ടത്.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ചരക്കുനീക്കം ജലമാർഗമാക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. നിലവിൽ റോഡ് മാർഗം തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്കെത്തിക്കുന്ന പച്ചക്കറി അടക്കമുള്ള വസ്തുക്കൾ ജലമാർഗമാക്കിയാൽ ഗതാഗതച്ചെലവ് ഗണ്യമായി കുറയ്ക്കാമെന്നാണ് കേരള സർക്കാരിന്റെ വിലയിരുത്തൽ. ഇതിൽ അനുകൂല പ്രതികരണമാണ് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അഹമ്മദ് ദേവർകോവിൽ പറഞ്ഞു.