ബെംഗളൂരു: അന്യമതക്കാരിയായ സഹപ്രവർത്തകയെ ബൈക്കിൽ കയറ്റിയ യുവാവിന് അക്രമി സംഘത്തിന്റെ മർദനവും ഭീഷണിയും. ബെംഗളൂരു ഹൊസൂർ റോഡിൽ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സ്വകാര്യകമ്പനി ജീവനക്കാരനായ യുവാവിന് മർദനമേറ്റത്.

ജോലി കഴിഞ്ഞ് സഹപ്രവർത്തകയായ യുവതിയെ ബൈക്കിൽ വീട്ടിലെത്തിക്കുന്നതിനിടെയാണ് ഹൊസൂർ റോഡ് ഡയറി സർക്കിളിന് സമീപത്തുവെച്ച് ഒരുസംഘം ബൈക്ക് തടഞ്ഞത്. തുടർന്ന് സംഘം ഇരുവരെയും ആക്ഷേപിക്കുകയും യുവാവിനെ മർദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ബൈക്കിൽ നിന്നിറക്കിയ യുവതിയെ ഒട്ടോറിക്ഷയിലാണ് പിന്നീട് പോകാനനുവദിച്ചത്.

മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ ബൈക്കിൽ കയറ്റുന്നത് എന്തിനാണെന്ന് ചോദിച്ചാണ് മർദിച്ചതെന്ന് ഇരയായ യുവാവ് പോലീസിന് മൊഴിനൽകി. ഓഫീസിൽ നിന്നിറങ്ങാൻ വൈകുന്ന ദിവസങ്ങളിൽ ഇതിനുമുമ്പും യുവതിയെ ബൈക്കിൽ വീട്ടിലെത്തിച്ചിട്ടുണ്ടെന്നും ഇത്തരം അനുഭവം ആദ്യമായാണെന്നും യുവാവ് പറഞ്ഞു. യുവതിയുടെ ഫോണിൽനിന്ന് ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ച് അക്രമി സംഘം താക്കീത് ചെയ്തെന്നും യുവാവ് മൊഴിനൽകി.

അതേസമയം, സംഭവത്തിൽ രണ്ടുപേർ പിടിയിലായതായി ശുദ്ധഗുണ്ഡെ പാളയ പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിയാൻ കഴിഞ്ഞത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായും ഇവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിഷയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.