ബെംഗളൂരു: മോദിയുടെ പേരുപയോഗിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കുന്നത് എളുപ്പമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അത് സാധിക്കില്ലെന്ന് മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. തിരഞ്ഞെടുപ്പുകൾ ജയിക്കാൻ മോദിതരംഗം സഹായിക്കുമെന്ന ചിന്തയിൽ പ്രവർത്തകർ ഇരിക്കരുത്. കഠിനാധ്വാനം ചെയ്ത് ജയിച്ച് കോൺഗ്രസിനെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദാവണഗെരെയിൽ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ.

കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൂടുതൽ സജീവമാണ്. കോൺഗ്രസിനെ വിലകുറച്ച് കാണരുത്. തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ അവർക്ക് അവരുടേതായ തന്ത്രങ്ങളുണ്ട്. അതിനാൽ ബി.ജെ.പി. പ്രവർത്തകർ ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തണം. കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കൾ ബി.ജെ.പി. നേതാക്കളെ കണ്ട് പാർട്ടിയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം തെറ്റായ സന്ദേശം നൽകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ച് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. അടുത്തവർഷം ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പുകൾ വരുന്നതിനാൽ താഴെത്തട്ടു മുതൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 140 സീറ്റുകൾ ലഭിക്കാൻ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി യെദ്യൂരപ്പ ഒരുമാസം നീളുന്ന സംസ്ഥാന പര്യടനം നടത്തുന്നുണ്ട്. മോദിയുടെ വികസന പദ്ധതികൾ കർണാടകത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയാണ് ലക്ഷ്യം.