ന്യൂഡൽഹി: മിതവാദിയായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത് പഞ്ചാബിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന ഹിന്ദുവോട്ടുകളിൽ വിള്ളൽവീഴ്‌ത്തുമെന്ന് പാർട്ടിക്കുള്ളിൽ ആശങ്ക. അവസാനനാലുമാസത്തേക്ക് അംബികാസോണിയെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി ഒരുഘട്ടത്തിൽ ആലോചിച്ചതിനുകാരണവും ഇതാണ്. അതേസമയം, തിരഞ്ഞെടുപ്പിന് നാലുമാസംമാത്രം ശേഷിക്കെ കോൺഗ്രസിൽ ഉയരുന്ന പ്രശ്നങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ആം ആദ്മി പാർട്ടി (എ.എ.പി.).

പഞ്ചാബിൽ പരമ്പരാഗതമായി ഹിന്ദുവോട്ടുകൾ കോൺഗ്രസിനും സിഖ് വോട്ടുകൾ അകാലിദളിനുമാണ് ലഭിക്കാറ്. അമരീന്ദർ സിങ്ങിന്റെ മൃദുനയം ഹിന്ദുവോട്ടുകൾ കോൺഗ്രസിൽത്തന്നെ പിടിച്ചുനിർത്തി. സിഖ് വോട്ടുകളിൽ ഒരുഭാഗവും പാർട്ടിക്കുലഭിച്ചു. നവജോത് സിങ് സിദ്ദുവിഭാഗത്തിന് മേൽക്കൈ ലഭിക്കുന്നതോടെ ഈ സമവാക്യത്തിൽ മാറ്റമുണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് വിശകലനവിദഗ്ധർ നിരീക്ഷിക്കുന്നു.

ജനസ്വീകാര്യതയും പ്രസംഗവൈഭവവും പാർട്ടിയംഗങ്ങളെ ആകർഷിക്കാൻ സിദ്ദുവിനെ സഹായിച്ചേക്കാം. എന്നാൽ, ഭരണവിരുദ്ധവികാരവും ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ച സംഭവത്തിലെ പ്രതികളെപ്പിടിച്ച്‌ ശിക്ഷിക്കാത്തതുമൊക്കെ കോൺഗ്രസിന്‌ തിരിച്ചടിയാണ്. ഇക്കാര്യത്തിൽ അമരീന്ദറിനെ മാസങ്ങളായി സിദ്ദു പരസ്യമായി വിമർശിക്കുന്നുണ്ടെങ്കിലും ജനവികാരം അനുകൂലമാക്കാനാകുമോ എന്ന്‌ കണ്ടറിയണം. ബാദൽ കുടുംബം നയിക്കുന്ന അകാലിദളിനെ സിദ്ദു നിരന്തരം വിമർശിക്കുന്നുണ്ട്. സിഖ് വോട്ടുബാങ്കിനെ ആകർഷിക്കാനുള്ള സിദ്ദുവിന്റെ ഈ ശ്രമങ്ങൾ ഹിന്ദുവോട്ടുകൾ നഷ്ടപ്പെടാൻ ഇടവരുത്തുമെന്നാണ് നിരീക്ഷണം. സിദ്ദുവിന് പാകിസ്താൻ ബന്ധമുണ്ടെന്ന് അമരീന്ദർതന്നെ ആരോപിച്ചതും ഹിന്ദുവോട്ടർമാർക്കിടയിൽ കോൺഗ്രസിന്റെ സ്വീകാര്യത കുറച്ചേക്കാം.

അകാലിദളും എ.എ.പി.യും ബി.ജെ.പി.യും സിദ്ദുവിനെ ലക്ഷ്യംവെച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കർഷകസമരത്തിൽ ജനപിന്തുണ നഷ്ടപ്പെട്ട ബി.ജെ.പി.ക്കും ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറഞ്ഞ അകാലിദളിനും ഇത്‌ നേട്ടമാക്കാനായിട്ടില്ല. എന്നാൽ, ഈ അവസരം എ.എ.പി. മുതലെടുക്കും. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ 20 സീറ്റുനേടി പ്രധാന പ്രതിപക്ഷകക്ഷിയായി എ.എ.പി. മാറിയിരുന്നു. ഭരണവിരുദ്ധ വികാരമുയർത്തിയും വാഗ്ദാനങ്ങൾ നൽകിയും എ.എ.പി. വൻതോതിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഗുരുഗ്രന്ഥസാഹിബിനെ അപമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് വെടിവെപ്പിലെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാത്തതിൽ കോൺഗ്രസിനെയും അകാലിദളിനെയും ഒരുപോലെ ആക്രമിച്ചാണ് എ.എ.പി.യുടെ പ്രചാരണം. ഇതെല്ലാം ഹിന്ദു-സിഖ് വോട്ടുകൾ എ.എ.പി.യിലേക്കുപോകാനുള്ള സാധ്യതയാണ്‌ കാണിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.