ന്യൂഡൽഹി: ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബി.ആർ.ഒ.) റോഡുനിർമാണയൂണിറ്റിന്റെ നേതൃചുമതലയിൽ ആദ്യമായി വനിതയെ നിയമിച്ചു. ഉത്തരാഖണ്ഡിലെ 75 റോഡ് കൺസ്ട്രക്ഷൻ കമ്പനി (ആർ.സി.സി.) ഓഫീസർ കമാൻഡിങ്ങായി മേജർ ഐനയെയാണ് പ്രതിരോധമന്ത്രാലയം നിയമിച്ചത്. ഇവർക്കുകീഴിൽ പ്ലറ്റൂൺ കമാൻഡർമാരായി ക്യാപ്റ്റൻ അഞ്ജന, ഭാവന ജോഷി, വിഷ്ണുമായ കെ. എന്നിവരെയും നിയമിച്ചു. ഭാവനയും വിഷ്ണുമായയും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാരാണ് (സിവിൽ). ഓഗസ്റ്റ് 30-നായിരുന്നു ഇവരുടെ നിയമനമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ബി.ആർ.ഒ.യിലെ വിവിധ തസ്തികകളിൽ ഒട്ടേറെ വനിതകളെ നിയമിച്ചെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സായുധസേനകൾക്കായി റോഡുകൾ പണിയാൻ പ്രതിരോധമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബി.ആർ.ഒ.