ചെന്നൈ: തമിഴ്‌നാട് മുൻമന്ത്രി കെ.സി. വീരമണിയുടെ വീട്ടുവളപ്പിൽ 551 ലോഡ് മണൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. ഇതിന് 33 ലക്ഷം രൂപ വിലവരും. ജോലാർപ്പേട്ടുള്ള വീടിന് പിൻവശത്താണ് മണൽ സൂക്ഷിച്ചിരുന്നത്. വിജിലൻസ് പരിശോധനയിൽ 275 ലോഡ് മണലും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ 276 ലോഡുമാണ് പിടികൂടിയത്. കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. സർക്കാരിൽ വാണിജ്യനികുതിവകുപ്പ് മന്ത്രിയായിരുന്നു. വീരമണിയുടെയും ബന്ധുക്കളുടെയും വീട്ടീലും സ്ഥാപനത്തിലും കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വിജിലൻസ് പരിശോധനയിൽ 34 ലക്ഷം രൂപ, അഞ്ച് കിലോ സ്വർണാഭരണങ്ങൾ, ഒമ്പത് ആഡംബര കാറുകൾ, വസ്തുപ്രമാണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മണൽ കണ്ടെത്തിയത്. 2016 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലത്ത് വരവിൽ കവിഞ്ഞ് 28.7 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് വീരമണിയുടെ പേരിലുള്ള കേസ്.