ന്യൂഡൽഹി: പദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംസ്ഥാനസർക്കാരിന്റെ സഹായധനം അനിവാര്യമെന്നും ഭരണസമിതി സുപ്രീംകോടതിയിൽ. ക്ഷേത്രത്തിലെ പ്രതിമാസ ചെലവ് ഒന്നേകാൽ കോടി രൂപയാണെന്നിരിക്കേ 60 ലക്ഷത്തിൽ താഴെ മാത്രമേ വരുമാനം ലഭിക്കുന്നുള്ളൂവെന്നും ഭരണസമിതി അറിയിച്ചു. സംസ്ഥാനസർക്കാരിലേക്ക് അടയ്ക്കാനുള്ള 11.7 കോടി രൂപ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് ക്ഷേത്രം ഉപദേശകസമിതിയും റിപ്പോർട്ട് നൽകി.

പ്രത്യേക ഓഡിറ്റിങ് ഒഴിവാക്കണമെന്ന ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിലാണ് ഭരണസമിതിയും ഉപദേശകസമിതിയും സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്. ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്ന് ഭരണസമിതി അധ്യക്ഷനായ തിരുവനന്തപുരം ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ അറിയിച്ചു. ക്ഷേത്രച്ചെലവ്, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി ഒന്നേകാൽ കോടി രൂപയാണ് പ്രതിമാസ ചെലവ്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനസർക്കാരിന്റെയും ക്ഷേത്ര ട്രസ്റ്റിന്റെയും സഹായം ആവശ്യമാണ്.

നിലവിൽ സംസ്ഥാനസർക്കാർ പ്രതിവർഷം ആറുലക്ഷം രൂപ ക്ഷേത്രത്തിന് നൽകുന്നുണ്ടെന്നും ഇത് കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭരണസമിതി അറിയിച്ചു. ക്ഷേത്രഭൂമിക്ക് തിരുപുവാരം എന്ന പേരിൽ പ്രതിവർഷം 31,998 രൂപ ലഭിക്കുന്നുണ്ട്. ഈ തുക കാലോചിതമായി വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി ഉപദേശക സമിതി അധ്യക്ഷൻ ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.

പ്രത്യേക ഓഡിറ്റിങ്ങിൽനിന്ന് ഒഴിവാക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ഹർജിയിൽ വാദങ്ങൾ പൂർത്തിയായതിനെത്തുടർന്ന് സുപ്രീംകോടതി കേസ് വിധിപറയാൻ മാറ്റിയിരുന്നു. ചില ക്ഷേത്ര സ്വത്തുക്കൾ ട്രസ്റ്റിന്റെ കൈവശമാണെന്നും അതിനാൽ ഓഡിറ്റിങ്ങിൽനിന്ന് ഒഴിവാക്കാനാകില്ലെന്നുമാണ് ഭരണസമിതിയുടെ വാദം.