കൊൽക്കത്ത: ഉത്തർപ്രദേശിൽ കോൺഗ്രസ് വിട്ട പ്രമുഖ നേതാവ് ലളിതേശ്പതി ത്രിപാഠി തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

അസമിലും ത്രിപുരയിലും ഗോവയിലുമെല്ലാം പ്രമുഖ കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്ത് പാർട്ടിയുടെ ഭാഗമാക്കുകയെന്ന തന്ത്രം യു.പി.യിലും തൃണമൂൽ പയറ്റുന്നുവെന്നാണ് വ്യക്തമാവുന്നത്. യു.പി. മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ് കമലാപതി ത്രിപാഠിയുടെ പ്രപൗത്രനായ ലളിതേശ്പതി പ്രിയങ്കാഗാന്ധിയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം മൂന്നാഴ്ചമുമ്പാണ് പാർട്ടിവിട്ടത്. സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കാക്കിയിരുന്നത്. എന്നാൽ, തൃണമൂലാണ് ഇദ്ദേഹത്തിനുവേണ്ടി വലവീശിയതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

കോൺഗ്രസിലെ പ്രമുഖ ബ്രാഹ്മണവിഭാഗം നേതാവായി അറിയപ്പെടുന്നയാളാണ് ലളിതേശ് പതി. ഇപ്പോൾത്തന്നെ യു.പി.യിൽ ദുർബലമായ കോൺഗ്രസിന് ത്രിപാഠിയുടെ വിട്ടുപോകൽ കൂടുതൽ ആഘാതമായിട്ടുണ്ട്. ഒപ്പം കൂടുതൽപ്പേർ തൃണമൂലിലേക്ക് നീങ്ങുമോ എന്ന ആശങ്കയുമുയരുന്നുണ്ട്.