ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖാർഗെയും അധീർ രഞ്ജൻ ചൗധരിയും തമ്മിൽ ‘സംവാദം’. ശനിയാഴ്ചചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗമാണ് നേതാക്കളുടെ താൻപോരിമ കാട്ടാനുള്ള ശ്രമത്തിനു വേദിയായത്.

വർഷകാലസമ്മേളനത്തിൽ പ്രതിപക്ഷപാർട്ടികൾ രാജ്യസഭയിൽ പ്രവർത്തിച്ചത് എങ്ങനെയന്ന് പ്രതിപക്ഷനേതാവുകൂടിയായ ഖാർഗെ യോഗത്തിൽ വിശദീകരിച്ചു. പെഗാസസ്, കർഷകസമരം, വിലക്കയറ്റം തുടങ്ങിയവിഷയങ്ങൾ സഭ നിർത്തിവെച്ച് ചർച്ചചെയ്യാൻ ഒട്ടേറെത്തവണ നോട്ടീസുകൾ നൽകിയതായി അദ്ദേഹം പറഞ്ഞു. സമാനചിന്താഗതിക്കാരായ പാർട്ടികളുടെ യോഗം സ്ഥിരമായിവിളിച്ചെന്നും ചിലതിൽ രാഹുൽഗാന്ധി തന്നെ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഖാർഗെയുടെ വിശദീകരണത്തിനിടെ ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവായ അധീർ ഇടപെട്ടു. ലോക്‌സഭയിലെ പ്രതിപക്ഷവും തുല്യമായി പ്രവർത്തിച്ചെന്നും ഖാർഗെ ഇതു മനസ്സിലാക്കി ലോക്‌സഭയെയും വിശ്വാസത്തിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധീർ പറഞ്ഞു. ഇതിന് തന്ത്രപരമായിട്ടായിരുന്നു ഖാർഗെയുടെ മറുപടി. കഴിഞ്ഞ ലോക്‌സഭയിൽ മുഴുവനായും റെയിൽവേമന്ത്രിയായിരിക്കുമ്പോൾ സഹമന്ത്രിയായി തന്നോടൊപ്പം പ്രവർത്തിച്ച അധീറിനെ മറക്കാനാവില്ലെന്ന് ഖാർഗെ പറഞ്ഞു. തുടർന്ന് പരസ്പരം നന്ദി പറഞ്ഞ് ഇരുവരും പിൻവാങ്ങി.

ദളിത് വിഭാഗത്തിൽനിന്നുള്ള ചരൺജിത്ത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് ചിന്താ മോഹൻ നടത്തിയ പദപ്രയോഗവും പ്രവർത്തകസമിതിയിൽ എതിർപ്പിനിടയാക്കി. ചന്നിയെ ആദ്യ ദളിത് മുഖ്യമന്ത്രിയാക്കിയ ഗാന്ധികുടുംബത്തെ പ്രകീർത്തിക്കുന്നതിനിടയിലാണ് ദളിതരെ പ്രാദേശികമായി വിശേഷിപ്പിക്കുന്ന പദം ചിന്ത പ്രയോഗിച്ചത്. ഭക്ത ചരൺ ദാസും ദിനേഷ് ഗുണ്ടുറാവുവും ഉൾപ്പെടെയുള്ളവർ അപകീർത്തികരമായ ഇത്തരം പദം പ്രയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു. താനും അതേ ജാതിയിൽപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി ചിന്ത ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ ഉറച്ചുനിന്നതോടെ അവരും പിൻവാങ്ങി.