ന്യൂഡൽഹി: ആവശ്യത്തിനു കോവിഡ് വാക്സിനുള്ളതിനാൽ രണ്ടാം ഡോസ് നൽകുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്രസർക്കാർ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും അർഹതയുള്ളവർക്ക് രണ്ടാംഡോസ് വാക്സിൻ കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

നൂറുകോടി ഡോസ് വാക്സിൻ നൽകിയ രാജ്യമെന്ന നേട്ടത്തിലേക്ക് ഇന്ത്യ അടുക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കുത്തിവെപ്പ് അവലോകനംചെയ്യാൻ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ നിർദേശം. വാക്സിനേഷൻ കുറഞ്ഞ ജില്ലകൾ കണ്ടെത്തി മുൻഗണന നൽകണമന്നും ഗ്രാമീണമേഖലകളിൽ വാക്സിനേഷൻ മെച്ചപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

അന്താരാഷ്ട്രയാത്രയുടെ കാര്യത്തിൽ നിർദേശങ്ങൾ പങ്കുവെക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കോവാക്‌സിൻ അനുമതി; ഇനിയും വിവരം വേണമെന്ന് ഡബ്ല്യു.എച്ച്.ഒ.

: ഇന്ത്യൻനിർമിത കോവിഡ് പ്രതിരോധകുത്തിവെപ്പായ കോവാക്സിന് അന്താരാഷ്ട്രതലത്തിൽ അടിയന്തര ഉപയോഗ അനുമതിക്ക് ഇനിയും വിവരം വേണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) അറിയിച്ചു. ഈവിവരം കൈമാറുന്നതനുസരിച്ചാകും അനുമതി നൽകുകയെന്നും വ്യക്തമാക്കി.