ന്യൂഡൽഹി: കശ്മീരിൽ കഴിഞ്ഞരണ്ടാഴ്ചയ്ക്കിടെ തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് അവിടെ സ്വീകരിച്ചിട്ടുള്ള സുരക്ഷാനടപടികൾ വിശദീകരിച്ചു. സാധാരണക്കാർക്കുനേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്കു (എൻ.ഐ.എ.) വിട്ടേക്കുമെന്നാണ് സൂചന.

ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വീട്ടിലെത്തിയാണ് അമിത് ഷാ സുരക്ഷാകാര്യങ്ങൾ ചർച്ചചെയ്തത്. സാധാരണക്കാർക്കുനേരെ തുടർച്ചയായി ആക്രമണങ്ങളുണ്ടാവുന്നത് ജമ്മുകശ്മീരിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. 11 സാധാരണക്കാരാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ഇതിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. ആശങ്കയിലായ അവർ സ്വന്തം നാട്ടിലേക്ക് പലായനം തുടങ്ങിയിട്ടുണ്ട്. കശ്മീരിൽനിന്ന് പലായനംചെയ്ത പണ്ഡിറ്റുമാർക്കിടയിലും ഈ സംഭവങ്ങൾ ഭീതിവിതച്ചിട്ടുണ്ട്. സർക്കാരിന്റെ ശ്രമഫലമായി താഴ്‍വരയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് തുടർച്ചയായ ആക്രമണങ്ങളുണ്ടായത്.

ഈ മാസം 23 മുതൽ 25 വരെ അമിത് ഷാ ജമ്മുകശ്മീർ സന്ദർശനത്തിനെത്തും. സുരക്ഷാസ്ഥിതി സംബന്ധിച്ച ഉന്നതതലയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. 370-ാം അനുച്ഛേദം റദ്ദാക്കിയശേഷം ആഭ്യന്തരമന്ത്രിയുടെ ആദ്യസന്ദർശനമാണിത്.

പ്രത്യേകലക്ഷ്യവുമായാണ് കശ്മീരിൽ സാധാരണക്കാർക്കുനേരെ ആക്രമണമുണ്ടാകുന്നതെന്നാണ് സുരക്ഷാവിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേസന്വേഷണം എൻ.ഐ.എ.യ്ക്ക് വിടാൻ ആലോചിക്കുന്നത്. തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന ഉന്നതതലയോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കുവന്നതായാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐ.ബി. മേധാവി, ഡി.ജി.പി.മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

എൻ.ഐ.എ. ഡയറക്ടർ ജനറൽ കുൽദീപ് സിങ് തിങ്കളാഴ്ച ശ്രീനഗർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.