ചെന്നൈ: പശുക്കിടാവിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിതനെക്കൊണ്ട് കാലുപിടിച്ച് മാപ്പുപറയിച്ച സംഭവത്തിൽ മേൽജാതിക്കാരായ ദമ്പതിമാരുടെ പേരിൽ പോലീസ് കേസെടുത്തു. മധുര അളങ്കാനല്ലൂരിനടുത്ത് മേൽപ്പനങ്ങാടി സ്വദേശികളായ നാഗലക്ഷ്മി, ഭർത്താവ് നാഗരാജൻ എന്നിവരുടെ പേരിലാണ് കേസ്.

നാഗലക്ഷ്മിയുടെ കാണാതായ പശുക്കിടാവിനെ തിരച്ചിലിനൊടുവിൽ അറവുശാലയിൽ കണ്ടെത്തി. ഗ്രാമവാസിയായ കണ്ണനാണ് 7500 രൂപയ്ക്ക് പശുവിനെ അറവുശാലയിൽ വിറ്റതെന്ന് കടക്കാരൻ പറഞ്ഞു. ഇതോടെ നാഗലക്ഷ്മിയും ഭർത്താവും മറ്റുചിലരും ചേർന്ന് ദളിത് വിഭാഗക്കാരനായ കണ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. പശുക്കിടാവിനെ വിറ്റുകിട്ടിയ പണം തരണമെന്നും ആവശ്യപ്പെട്ടു. തന്റെ പശുക്കളെ കാണാതായെന്നും വീടിനടുത്ത് പശുക്കിടാവിനെ കണ്ടപ്പോൾ തന്റേതാണെന്ന് കരുതി വിറ്റതാണെന്നും കണ്ണൻ പറഞ്ഞു. വിറ്റുകിട്ടിയ പണം ദമ്പതിമാർക്ക് കൊടുത്തു. എന്നാൽ, പണം പോരെന്നും കണ്ണൻ കാലിൽവീണ് മാപ്പുപറയണമെന്നും ദമ്പതിമാർ ആവശ്യപ്പെട്ടു. പിന്നീട് ഗ്രാമമുഖ്യർ വിളിച്ചുചേർത്ത പൊതുയോഗത്തിലും കണ്ണന് പരസ്യമായി കാലിൽവീണ് മാപ്പുപറയേണ്ടിവന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെയാണ് പോലീസ് കേസെടുത്തത്.