ബെംഗളൂരു: കൃഷിക്ക് ആവശ്യമായ വിത്തുകൾ ലഭ്യമാക്കാൻ വൈകിയതിനെത്തുടർന്ന് കൃഷി ഓഫീസറെ ഓഫീസിന്റെ ഗേറ്റിൽ പിടിച്ചുകെട്ടി കർഷകരുടെ പ്രതിഷേധം. കർണാടകത്തിലെ ബീദർ ജില്ലയിലുള്ള ഔറദ് താലൂക്കിലാണ് സംഭവം.

സോയാബീൻ കൃഷിയ്ക്കുള്ള വിത്തുകൾ എത്താത്തതിനെത്തുടർന്നാണ് കർഷകർ പ്രതിഷേധവുമായി താലൂക്കിലെ രെയ്ത്ത സമ്പർക്ക കേന്ദ്രയുടെ (കൃഷി ഓഫീസ്) മുമ്പിലെത്തിയത്. വിത്ത് എത്തിക്കാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച കർഷകർ കൃഷി ഓഫീസർ ഭീം റാവു ഷിൻഡെയെ ഗേറ്റിൽ തുണികൊണ്ട് കെട്ടിയിടുകയായിരുന്നു. 20 മിനിറ്റുനേരം പ്രതിഷേധിച്ചതിനുശേഷം ഓഫീസറെ മോചിപ്പിച്ചു.

വിത്തുകൾ ലഭിക്കേണ്ടസമയം ഇതാണെന്നും താമസിച്ചാൽ അതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടി. ‘‘പ്രദേശത്ത് ഇപ്പോൾ നല്ല മഴ കിട്ടുന്നു. കുറേ ദിവസമായി വിത്തിനുവേണ്ടി രെയ്ത്ത സമ്പർക്കകേന്ദ്രയിൽ കയറിയിറങ്ങുന്നു. ഒന്നുകിൽ വിത്ത് തരണം, അല്ലെങ്കിൽ വിഷം തരണം’’-അവർ കൃഷി ഓഫീസറോട് ആവശ്യപ്പെട്ടു.

വിത്തുകൾ ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഏതാനും ദിവസംമുമ്പ് കർഷകർ താലൂക്ക് കൃഷി ഓഫീസ് ഉപരോധിച്ചിരുന്നു. കൃഷി ജോയ്ന്റ് ഡയറക്ടർ സന്ദർശിച്ചപ്പോഴായിരുന്നു ഇത്. എന്നിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് അവർ രെയ്ത്ത സമ്പർക്കകേന്ദ്രയിൽ പ്രതിഷേധവുമായെത്തിയത്.